കൊച്ചിയും മാലദ്വീപും അടക്കം പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി പോകുമെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാത്തവര്‍ ഈ കാഴ്ച ഒന്നു കാണുക… ഹവായിലെ ഒരു ദ്വീപ് അപ്പാടെ ഇക്കുറി കടലെടുത്തു. അങ്ങനെ, കടലാമകളും കടല്‍ സിംഹങ്ങളും തിങ്ങിപ്പാര്‍ത്തിരുന്ന അപൂര്‍വ ഭൂപ്രദേശം അപ്രത്യക്ഷമായി.
നമ്മുടെ കൊച്ചിയും മാലെദ്വീപുമൊക്കെ ഇത്തരത്തില്‍ കടലിനോട് ചേര്‍ന്ന് നില്ക്കുന്ന സ്ഥലങ്ങളാണ്. ഭാവിയില്‍ കടല്‍ കയറുമ്പോള്‍ ചിലപ്പോള്‍ പലഭാഗങ്ങളും വെള്ളത്തിനടിയിലായേക്കാമെന്ന ആശങ്കയിലാണ് ഈ നഗരങ്ങളും നിലകൊള്ളുന്നത്. അത്തരത്തിലൊരു ആശങ്ക സത്യമായിരിക്കുകയാണ് ഇപ്പോള്‍.
ഹവായിയിലെ ഈസ്റ്റ് ഐലന്‍ഡാണ് പസഫിക് സമുദ്രത്തില്‍ പൂര്‍ണമായി മുങ്ങി ഇല്ലാതായത്. ഹവായിയില്‍ മാത്രമുള്ള സന്യാസി സീലുകളുടയും കൂറ്റന്‍ കടലാമകളുടെയും ആവാസകേന്ദ്രമായിരുന്ന ഈ ദ്വീപ് ഒക്ടോബറില്‍ വലാക്ക ചുഴലിക്കാറ്റോടെയാണ് സമുദ്രത്തിലേക്ക് പൂര്‍ണമായും ആണ്ടുപോയത്.
ദ്വീപ് സമുദ്രത്തില്‍ മുങ്ങുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ ഇതിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ്. മണല്‍പ്പരപ്പുകളും മറ്റുമുണ്ടായിരുന്നിടത്ത് അതിന്റെ നേരീയ സൂചനമാത്രമേ ശേഷിക്കുന്നുള്ളൂ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഈ ദ്വീപില്വന്ന മാറ്റങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍.
ഈസ്റ്റ് ഐലന്‍ഡ് പൂര്‍ണമായും ഇല്ലാതായെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഹവായ് സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞന് ചിപ്പ് ഫ്ളെച്ചര്‍ പറഞ്ഞു. ദ്വീപിലുണ്ടായിരുന്ന അപൂര്‍വങ്ങളായ ജീവി ജാലമെല്ലാം ഇതോടെ ഇല്ലാതായി. നേരത്തേ തന്നെ ഈസ്റ്റ് ഐലന്‍ഡ് കടലില്‍ മുങ്ങിപ്പോകുമെന്ന ആശങ്കയുണ്ടായിരുന്നു.
എന്നാല്‍, അതിത്രവേഗം സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. പത്തോളം ദ്വീപുകള്‍ ഉള്‍പ്പെടുന്ന പാപ്പഹനൗമക്കൂക്ക മറൈന്‍ നാഷണല്‍ മോണുമെന്റിന്റെ ഭാഗമായിരുന്ന ഈസ്റ്റ് ഐലന്‍ഡ് കുറച്ചുവര്‍ഷങ്ങള്‍കൂടി പിടിച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, ഈ മാസമാദ്യം വീശിയടിച്ച കൊടുങ്കാറ്റില്‍ ദ്വീപ് തകര്‍ന്നടിയുകയായിരുന്നു. കടലാമകള്‍ മുട്ടയിടാനും മറ്റും കൂട്ടത്തോടെയെത്തിയിരുന്ന ഭൂപ്രദേശം കൂടിയായിരുന്നു മനുഷ്യവാസമില്ലാത്ത ഈ ദ്വീപ്. 11 ഏക്കര്‍ മാത്രമായിരുന്നു ഇതിന്റെ വിസ്തൃതി. 800 മീറ്റര്‍ നീളവും 120 മീറ്റര്‍ വീതിയുമുള്ള ചെറിയൊരു മണ്‍തിട്ടയായിരുന്നു ഇത്.