സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തില്‍ 350 വര്‍ഷത്തോളമായി ഒരു ചുഴലിക്കാറ്റ് കറങ്ങിക്കൊണ്ടേയിരുക്കുകയാണ്. അതും ഭൂമിയെത്തന്നെ ‘വിഴുങ്ങാന്‍’ തക്ക വലുപ്പമുള്ള ഒരു കൊടുങ്കാറ്റ്. ചുവന്ന രാക്ഷസന് എന്നറിയപ്പെടുന്ന ‘ദ് ഗ്രേറ്റ് റെഡ് സ്പോട്ട്’ ആണിത്.
മൂന്നു നൂറ്റാണ്ടിലേറെയായി കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത ഈ ഗ്രേറ്റ് സ്പോട്ട് പക്ഷേ ഇപ്പോള്‍ ചുരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒപ്പം ആകൃതിയും നിറവും മാറുന്നുണ്ടെന്നും മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശാസ്ത്ര ഗവേഷക ഡോണ പിയേഴ്സ് പറയുന്നു.
ഈ കൊടുങ്കാറ്റിന്റെ കറക്കം എതിര് ഘടികാര ദിശയിലാണ്. അതിനാല്‍ത്തന്നെ ആന്റിസൈക്ലോണ്‍ എന്നാണ് ഇതിന്റെ പേര്. ഇത്തരം ചുഴലിക്കാറ്റുകള്‍ക്ക് നൂറുകണക്കിന് വര്‍ഷം നിലനില്‍ക്കാനുള്ള ശേഷിയുണ്ട്. വ്യാഴത്തിന്റെ ഭ്രമണ വേഗവും ഒപ്പം ‘ചൂടന്‍’ വാതകങ്ങളും ചേരുന്നതോടെ തികച്ചും അപരിചിതമായ കാലാവസ്ഥയാണ് അവിടെ രൂപപ്പെടുന്നത്. കഴിഞ്ഞ 350ലേറെ വര്‍ഷങ്ങളായി മണിക്കൂറില്‍ 250 മൈല്‍ വേഗം എന്ന കണക്കിനാണ് ഈ ആന്റിസൈക്ലോണിന്റെ കറക്കം.
വ്യാഴത്തിലെ പ്രധാന വാതകങ്ങള്‍ ഹൈഡ്രജനും ഹീലിയവുമാണ്. ബാക്കിയുള്ളവ ഏതൊക്കെയാണെന്നത് ഇന്നും ശാസ്ത്രത്തിന് അജ്ഞാതമാണ്. അതിനിടെയാണ് റെഡ് സ്പോട്ട് കൂടുതല്‍ വൃത്താകൃതിയിലേക്കു മാറുന്നതായി കണ്ടെത്തിയത്. നിറത്തിലും ഇടയ്ക്കിടെ മാറ്റം വരുന്നുണ്ട്. പക്ഷേ അതിന്റെയും കാരണം അവ്യക്തമാണ്. വ്യാഴത്തിന്റെ ഈ നിഗൂഢത പിടിതരാതായതോടെയാണ് നാസ ജൂണോ പേടകം അയച്ചത്. ഇതിന്റെ സഹായത്തോടെ റെഡ് സ്പോട്ടിന്റെയും വാതകമേഘങ്ങളുടെയും പുതിയ ചിത്രങ്ങള്‍ക്കൊപ്പം അതിനു പിന്നിലെ രഹസ്യവും വെളിപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.