ടല്‍ഹന്‍സി: ഡിഎന്‍എ പോലെയുള്ള ഒരു തന്മാത്രയെ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് കുറച്ചു ശാസ്ത്രജ്ഞര്‍. ജീവലോകത്തിന്റെ അടിത്തറ എന്നു പറയാവുന്ന തന്മാത്രയാണ് ഡിഎന്‍എ. ഗവേഷണം നാസയുടെ പിന്തുണയോടു കൂടിയായിരുന്നു. നാസയുടെ പ്രധാന അജണ്ടകളിലൊന്നാണ് ഭൂമിക്കു പുറത്ത് ജീവന് തിരയുക എന്നത്.
അന്യഗ്രഹജീവന് എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് നമുക്കൊന്നും അറിയില്ല. ഒരുപക്ഷേ ഡിഎന്‍എയ്ക്കു സമാനമായ മറ്റൊരുതരം തരം തന്മാത്രയാവാം അന്യഗ്രഹജീവന്. അതല്ലെങ്കില്‍ അപരിചിതമായ മറ്റൊരു രാസക്കൂട്ടാവാം അത്.
ഗവേഷണത്തിനു നേതൃത്വം നല്‍കിയത് ഫ്ലോറിഡയിലെ അപ്ലൈഡ് മോളിക്യൂലാര്‍ എവല്യൂഷനിലെ ശാസ്ത്രജ്ഞനായ സ്റ്റീവന്‍ ബെന്നര്‍ ആണ്. നാല് ബേസുകളാണ് മനുഷ്യരുടേത് അടക്കം ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം ഡിഎന്‍എയ്ക്ക് ഉള്ളത്.
പക്ഷേ എട്ടു ബേസുകളാണ് ഇപ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച ഡിഎന്‍എയ്ക്ക് ഉള്ളത്. എട്ട് വ്യത്യസ്തവസ്തുക്കളാണ് ഈ പുതിയ ഡിഎന്‍എ രചിച്ചിരിക്കുന്നത്. നമ്മുടെ ഡിഎന്‍എയിലുള്ള നാലെണ്ണവും പിന്നെ പുതുതായി നിര്‍മ്മിച്ച മറ്റു നാല് ന്യൂക്ലിയോടൈഡുകളും.
ഈ പുതിയ ഡിഎന്‍എയെ അവര്‍ വിളിക്കുന്നത് ഹാച്ചിമോജി ഡിഎന്‍എ എന്നാണ്. ഒരു ജപ്പാനീസ് പേരാണിത്. ഭൂമിക്ക് പുറത്ത് ജീവനെ തിരയുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഇത്തരം ഗവേഷണങ്ങളിലൂടെ മനസ്സിലാക്കാനാവും എന്നാണ് കരുതുന്നത്.