റിയാദ്: സൗദിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട് തെരുവ് വിളക്കിലേക്കും റോഡ് സൈഡിലെ ബാരിക്കേഡിലേക്കും ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകീട്ട് റിയാദ് പ്രവിശ്യയിലെ റൗദ സുദൈറിന് സമീപം ജലാജില്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
റിയാദില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെ മജ്മഅ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍ പെട്ടത്. യൂണിവേഴ്സിറ്റി ബസില്‍ ക്യാമ്പസില്‍ നിന്ന് റൗദ സുദൈറിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് വിദ്യാര്‍ത്ഥിനികളാണ് ബസില്‍ ഉണ്ടായിരുന്നത്.
ജലാജിലിനു സമീപം വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡ് മധ്യത്തിലെ തെരുവുവിളക്കു കാലില്‍ ഇടിച്ച് എതിര്‍ദിശയിലേയ്ക്ക് നീങ്ങി റോഡ് സൈഡിലെ കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ബാരിക്കേഡില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.