ഓണം ബംപറിന്റെ 12 കോടി ദുബായയില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശി അഹമ്മദിനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുഹൃത്ത് അഹമ്മദാണ് ഇദ്ദേഹത്തിന് ലോട്ടറി വാങ്ങി നല്‍കിയതെന്നായിരുന്നു സൈതലവി പറഞ്ഞിരുന്നത്. എന്നാല്‍ സെയ്തലവിക്ക് ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്ന് അഹമ്മദ് പറയുന്നു.
ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്സാപ്പില്‍ അയച്ചത് തമാശയ്ക്കാണെന്നാണ് വിശദീകരണം. ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫെയ്സ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയെന്നും അഹമ്മദ് പ്രതികരിച്ചു.
ഇന്നലെ 4.10ന് ഫെയ്സ്ബുക്കില്‍ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാള്‍ക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അയളോട് ബംപറിന്റെ 12 കോടി രൂപ താനെടുത്ത ടിക്കറ്റിനാണെന്നു പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാന്‍ അത് എതിര്‍ത്തില്ല. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാന്‍ അയാളുടെ സുഹൃത്ത് മാത്രമാണ്-അഹമദ് വ്യക്തമാക്കി.
വയനാട് പനമരം സ്വദേശിയാണ് സൈതലവി. ഒരാഴ്ച മുന്‍പ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തതെന്നും അതിനാണ് സമ്മാനം ലഭിച്ചതെന്നുമായിരുന്നു സൈതലവിയുടെ അവകാശവാദം. ഇവര്‍ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്.
ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തങ്ങളുടെ കൂട്ടത്തിലൊരാളെ ഇത്തരത്തില്‍ പറ്റിച്ചത് ക്രൂരമായിപ്പോയെന്നാണു റസ്റ്ററന്റിലെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഭാഗ്യമുണ്ടായപ്പോള്‍ ഏറെ സന്തോഷിച്ചതായും സൈതലവിക്ക് കഴിയുന്ന പിന്തുണ നല്‍കുമെന്നും ബഷീര്‍ പറഞ്ഞു.
യഥാര്‍ഥ ഭാഗ്യവാന് ആരാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ സങ്കടം തോന്നാതിരുന്നില്ലെന്നും വലിയ പ്രയാസത്തില്‍ ജീവിക്കുന്ന താന്‍ മറ്റൊന്നും ചിന്തിക്കാതെ ഇതു വിശ്വസിച്ചുപോയത് തെറ്റായിപ്പോയെന്നും സൈതലവി വ്യക്തമാക്കി.