അബുദാബി: വീണ്ടും മലയാളിയെ തേടിയെത്തി ഭാഗ്യദേവത. ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ കാസര്‍കോട് സ്വദേശിക്കും നാല് സുഹൃത്തുക്കള്‍ക്കും 23 കോടിയിലേറെ രൂപ( 12 ദശലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചു. റാസല്‍ഖൈമയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള മംഗല്പാടി സ്വദേശി താഹിര്‍ മുഹമ്മദാണ് ഒന്നാം സമ്മാനം നേടിയത്.
ഇതോടൊപ്പം നടന്ന, ബിഗ് ടിക്കറ്റിലെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം അടക്കം നാല് നറുക്കെടുപ്പുകളിലും വിജയികളായത് ഇന്ത്യക്കാരാണ്. കഴിഞ്ഞ മാസം 30നാണ് താഹിറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ടിക്കറ്റെടുത്തത്.
ഇവര്‍ എടുത്ത 027700 എന്ന ടിക്കറ്റാണ് താഹിറിനെയും സഹപ്രവര്‍ത്തകരെയും കോടീശ്വരന്മാരാക്കിയത്. മാതാവിനോടും ഭാര്യ, രണ്ട് മക്കള്‍ എന്നിവരോടുമൊപ്പം വര്‍ഷങ്ങളായി റാസല്‍ഖൈമയിലാണ് താഹിര്‍ താമസിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹവും സംഘവും ബിഗ് ടിക്കറ്റില്‍ ഭാഗ്യ പരീക്ഷണം നടത്തിവരുന്നു.
ഇന്നലെ നടന്ന നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ലെങ്കിലും ഒരു കൂട്ടുകാരന് കണ്ട് സമ്മാനം നേടിയ വിവരം താഹിറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സമ്മാനത്തുക അഞ്ച് പേര് തുല്യമായി പങ്കിടുമെന്നും എന്നാല്‍ തനിക്ക് ലഭിക്കുന്ന പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഈ യുവാവ് പറഞ്ഞു.