കുവൈത്ത് സിറ്റി: മകനെ തമാശ രൂപേണെ കഴുതയെന്ന് വിളിച്ച പിതാവിന് കിട്ടിയത് എട്ടിന്റെ പണി. പിതാവ് 200 കുവൈത്തി ദിനാര്‍ പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. ഇത് ഏകദേശം 48,000ത്തിലധികം രൂപ വരും.
‘നീയൊരു കഴുതയാണെന്ന്’ ആയിരുന്നു മകനോട് പിതാവ് പറഞ്ഞ്. ഇതില്‍ ക്ഷുഭിതനായ മകന് ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് പരിഗണിച്ച പബ്ലിക് പ്രോസിക്യൂഷന് കുട്ടിയെ അപമാനിച്ച പിതാവ് 200 ദിനാര്‍ പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.