ദുബായ്: മഹാമാരിക്കാലത്ത് തന്റെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച് പ്രവാസി യുവാവ്. കോവിഡ് കാലത്ത് നീട്ടിവളര്‍ത്തിയ തലമുടി അര്‍ബുദ രോഗികള്‍ക്ക് സമ്മാനിച്ചുകൊണ്ട് മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സി.മസിന് മന്‍സൂറാ(34)ണ് മറ്റുള്ളവര്‍ക്കും മാതൃകയായത്.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് മസിന് ആദ്യം കോവിഡ് പോസിറ്റിവായത്. അബുദാബി എല്‍എല്‍എച്ച് ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലായിരുന്നു അന്ന് പ്രവേശിക്കപ്പെട്ടത്. നാല് ദിവസം കൊണ്ട് നെഗറ്റീവ് റിസള്‍ട്ട് വന്നു. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവ് തന്നെ.
പക്ഷേ, ആശുപത്രി വിട്ട് ഒരാഴ്ചയ്ക്ക് ശേഷം കടുത്ത തലവേദനയും ചുമയും കാരണം ഡോക്ടറെ സമീപിച്ചു. വീണ്ടും പരിശോധിച്ചപ്പോള്‍ ഇന്റര്‍മീഡിയേറ്റ് റിസള്‍ട്ട്, അഥവാ വീണ്ടും പോസിറ്റിവെന്ന് സംശയം! ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് വീണ്ടും വരില്ലെന്ന മസിന്റെയും കൂടെ ജോലിചെയ്യുന്നവരുടെയും ധാരണ മാറിമറിഞ്ഞു.
നേരത്തെ ജോലി ചെയ്തിരുന്ന വിപിഎസ് ഹെല്‍ത്ത് കെയറിന് കീഴിലുള്ള ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലായിലായിരുന്നു ചികിത്സ. അര്‍ബുദ ചികിത്സയില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ആശുപത്രി കോവിഡ് ചികിത്സയ്ക്കായി പ്രത്യേക മേഖല സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.
അവിടെ ന്യൂമോണിയ മാറാന്‍ ഉള്ള ട്രീറ്റ്മെന്റ് തുടങ്ങി. അപ്പോഴേക്കും മുഴുവന്‍ ക്ഷീണിച്ചു. ചുമ വിടാനുള്ള ലക്ഷണമൊന്നും ഇല്ല. എന്നാല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആശ്വാസവാക്കുകളാണ് മാനസികമായി തകര്‍ന്ന് പോകാതെ മസിന് കൂട്ടായത്. അതിനിടെ അര്‍ബുദ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്നവരുടെ ചിത്രങ്ങളും ഓര്‍മകളും മനസിലെത്തിയപ്പോഴാണ് തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന ചിന്ത തുടങ്ങിയതെന്ന് മസിന് പറഞ്ഞു.
കോവിഡിനെ അതിജീവിച്ച് രണ്ടാം തവണ ആശുപത്രി വിടുമ്പോള്‍ ഒപ്പം അടുത്ത ജന്മദിനം വരെ മുടി വളര്‍ത്തണം സംഭാവന ചെയ്യാനുള്ള നീളമാകുന്നതുവരെയെങ്കിലും എന്ന് മനസ്സിലുറപ്പിച്ചു. ജൂലൈ 28ന് നീളന്‍ മുടി സംഭാവന ചെയ്യണമെന്ന് കരുതിയെങ്കിലും കോവിഡ് സോണ്‍ ക്ലാസിഫിക്കേഷന്‍ കാരണം അത് നടന്നില്ല.
എങ്കിലും രണ്ട് വട്ടം കോവിഡ് വന്നപ്പോഴും കരകയറാന്‍ കൂടെ നിന്ന ഈ സമൂഹത്തിന് സാധ്യമായത് തിരികെ നല്‍കാനായുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളികള്‍ ഏറെ നേരിടേണ്ടി വന്നു. മുടി ദാനം നല്‍കുന്നത് സ്വീകരിച്ചിരുന്നവരില്‍ പലരും കോവിഡിനെ തുടര്‍ന്ന് ആ ഉദ്യമത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നു.
എങ്കിലും അന്വേഷണങ്ങള്‍ക്കിടെ പ്രതീക്ഷയായ ചിലരെപ്പറ്റിയറിഞ്ഞു. ബന്ധപ്പെട്ടപ്പോള്‍, മുടി മുറിച്ച് തങ്ങളുടെ വിലാസത്തില്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞു. അതനുസരിച്ച് കഴിഞ്ഞ ദിവസം മുടി മുറിച്ചു. അവര്‍ നിര്‍ദേശിച്ച 12 ഇഞ്ചില്‍ കൂടുതല്‍ നീളമുമുണ്ടായിരുന്നു. ഇന്ന് ആര്‍ക്കെങ്കിലും നന്മ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മസിന്.