കോട്ടയം: സൗദി അറേബ്യയിലെ നജ്റാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം കേരളക്കരയെ വേദനയോടെയാണ് കേട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന് (31) എന്നിവരാണ് മരിച്ചത്.
നാലുമാസം മുമ്പായിരുന്നു ഷിന്‍സിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് ബിജോയ്ക്കൊപ്പം ഷിന്‍സി കഷ്ടിച്ച് ഒരു മാസമാണ് ഒരുമിച്ചു കഴിഞ്ഞത്. പിന്നീട് സൗദിയിലേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ വീടൊരുക്കി പ്രിയതമയുടെ വരവിനായി കാത്തുകാത്തിരിക്കുകയായിരുന്ന ബിജോയെ തേടിയെത്തിയത് ഷിന്‍സിയുടെ മരണവാര്‍ത്തയായിരുന്നു.
കടപ്ലാമറ്റം വയലാ എടച്ചേരിത്തടത്തില്‍ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളാണ് ഷിന്‍സി. ബിജോ കുര്യന് ബഹ്റൈനില്‍ നഴ്സാണ്. ബഹ്റൈനിലെ ആശുപത്രിയില്‍ ജോലി ലഭിച്ചതോടെ ഷിന്‍സി കഴിഞ്ഞ ദിവസം സൗദിയിലെ ജോലി രാജിവച്ചിരുന്നു. ബഹ്റൈനിലേക്ക് പോകാന്‍ മേയ് 25നും 28നും വീസ ലഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍മൂലം യാത്ര മുടങ്ങുകയായിരുന്നു.
ബിജോയും ഷിന്‍സിയും ഒരുമിച്ചാണ് നഴ്സിങ് പഠിച്ചത്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു വിവാഹം. ഫെബ്രുവരി 17 ന് ഇരുവരും ജോലി സ്ഥലത്തേക്ക് തിരികെപ്പോയി. അശ്വതിയുടെയും ഷിന്‍സിയുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്ശ്രമം ആരംഭിച്ചു.