അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നശിച്ച മലയാളിക്ക് മുന്നില്‍ ദൈവദൂതനപ്പോലെയെത്തി ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ (45) വധശിക്ഷ യൂസഫലിയുടെ ഇടപെടലിലൂടെ ഒഴിവായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന് ബാലന് മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതി ബെക്സ് കൃഷ്ണന് വധശിക്ഷ വിധിച്ചത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.
2012 സെപ്തംബര്‍ 7-നായിരുന്നു കേസിനാസ്പദമായ സംഭവം. അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്സ് കൃഷ്ണന് ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെയാണ് അപകടം. കാറപടത്തില്‍ സുഡാന് പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.
സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.
ജയിലില്‍ കഴിയുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്.
ഇനിയൊരിക്കലും വീട്ടുകാരെ കാണുവാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ബെക്സ് കൃഷ്ണന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഇടപെടല്‍. വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കാരണക്കാരനായ എം.എ.യൂസഫലിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബെക്സ് കൃഷ്ണന് പറഞ്ഞു.