മലപ്പുറം: ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരാണെങ്കിലും ചിലരുടെ മരണങ്ങള് നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. അത്തരത്തിലുള്ള ഒരു മരണവാര്‍ത്തയെക്കുറിച്ച് വേദനയോടെ കുറിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകകന്‍ അഷ്റഫ് താമരശ്ശേരി.
കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച മഞ്ചേരി സ്വദേശി നാരായണന് കുട്ടിയെക്കുറിച്ചാണ് അഷ്റഫ് താമരശ്ശേരി പറയുന്നത്. അജ്മാനിലെ സ്വര്‍ണ്ണപ്പണിക്കാരനായ നാരായണന് കുട്ടിയടക്കമുള്ളവരുടെ ജീവിതോപാധിയെ കോവിഡ് നേരത്തേ തന്നെ കടന്നാക്രമിച്ചിരുന്നു.
മകളുടെ വിവാഹാവശ്യാര്ഥം നാട്ടിലേക്കു പോകാന്‍ പോലും ചുറ്റുപാടുകള്‍ അനുവദിച്ചിരുന്നില്ല. ഓരോ രക്ഷിതാക്കളുടെയും ജിവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരിക്കും തന്റെ പൊന്നോമനകളുടെ സന്തോഷത്തില്‍ പങ്കുചേരുക എന്നത്. നാരായണന് കുട്ടിയുടെ കുടുംബത്തിന് ക്ഷമയും സമാധാനവും കൈവരിക്കാനാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്.- അഷ്റഫ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ചില മരണങ്ങള് നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരായിരിക്കും. എന്നാലും ചിലരുടെ ജീവിത സാഹചര്യം അടുത്തറിയുമ്പോള്‍ വല്ലാത്ത വേദന അനുഭവപ്പെടും. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു മഞ്ചേരി സ്വദേശിയായ സഹോദരന് നാരായണന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിന് കാര്യമായ ശ്വാസതടസ്സം നേരിട്ടിരുന്നു. നെഗറ്റിവ് ആയെങ്കിലും കോവിഡ് നാരായണന് കുട്ടിയുടെ ശരീരത്തെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു. ഇരുപത് ദിവസത്തോളമുള്ള ആശുപത്രി വാസത്തിനൊടുവില്‍ സഹോദരന് മരണത്തിന് കീഴടങ്ങി. രണ്ട് പെണ്മക്കളായിരുന്നു ഈ പ്രവാസിയുടെ ഏറ്റവും വലിയ സമ്പത്ത്. മൂത്ത മകള്‍ക്ക് വിവാഹാന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു.
അജ്മാനിലെ സ്വര്‍ണ്ണപ്പണിക്കാരനായ നാരായണന് കുട്ടിയടക്കമുള്ളവരുടെ ജീവിതോപാധിയെ കോവിഡ് നേരത്തേ തന്നെ കടന്നാക്രമിച്ചിരുന്നു. മകളുടെ വിവാഹാവശ്യാര്ഥം നാട്ടിലേക്കു പോകാന്‍ പോലും ചുറ്റുപാടുകള്‍ അനുവദിച്ചിരുന്നില്ല. ഓരോ രക്ഷിതാക്കളുടെയും ജിവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരിക്കും തന്റെ പൊന്നോമനകളുടെ സന്തോഷത്തില്‍ പങ്കുചേരുക എന്നത്.
നമുക്ക് ആഗ്രഹിക്കാനും മോഹിക്കാനും മാത്രമേ കഴിയൂ. വിധി മറിച്ചാണെങ്കില്‍ നിസ്സാരരായ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. പ്രവാസ ലോകത്തിരുന്ന് ഇതു പോലെ സ്വപ്നം നെയ്യുന്നവരാണ് ഞാനടക്കമുള്ളവര്‍. നാരായണന് കുട്ടിയുടെ കുടുംബത്തിന് ക്ഷമയും സമാധാനവും കൈവരിക്കാനാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്.
അഷ്റഫ് താമരശ്ശേരി