ദുബായ്: വാതക സിലിണ്ടര്‍ തുറന്നിട്ട് വീട്ടില്‍ സ്ഫോടനം നടത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ഗൃഹനാഥനെ കീഴടക്കി അറബ് കുടുംബത്തെ രക്ഷിച്ച് ദുബായ് പൊലീസ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് വീട്ടുകാരെ കൊല്ലാന്‍ ശ്രമിച്ചത്.
ഭാര്യയുമായുള്ള വാക്കുതര്‍ക്കം വഴക്കിലെത്തിയപ്പോള് ഭര്‍ത്താവ് വാതക സിലിണ്ടര്‍ തുറന്നു വിടുകയും തീകൊളുത്തി വീട്ടിലുള്ളവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ദുബായ് റാഷിദിയ്യ പൊലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ബ്ന് സുലൈമാന്‍ പറഞ്ഞു.
ഭാര്യയും മക്കളും ജോലിക്കാരിയുമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ജോലിക്കാരി ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ച് പ്രത്യേക പൊലീസ് ടീം സ്ഥലത്തെത്തിയപ്പോള്‍ ഒരു കൈയില്‍ തുറന്നിട്ട ഗ്യാസ് സിലിണ്ടറും മറുകയ്യില്‍ ലൈറ്ററുമായി ഗൃഹനാഥന് ഭീഷണി തുടരുകയായിരുന്നു.
പൊലീസിനെതിരെ തിരിഞ്ഞ ഇയാള്‍ പൊലീസ് വാഹനത്തിനുനേരേ കുപ്പിയെറിഞ്ഞു. ഇതിനിടെ, ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗ്യാസ് സിലിണ്ടര്‍ അടച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി. രണ്ടു മണിക്കൂറോളമെടുത്താണ് ഇയാളെ പൊലീസ് അനുനയിപ്പിച്ചത്. ഭയന്നിരുന്ന കുടുംബാംഗങ്ങളെ പൊലീസ് ആശ്വസിപ്പിച്ചു.
മാനസിക വിഭ്രാന്തിയുള്ള പ്രതി മുന്‍പ് മനോദൗര്‍ബല്യത്തിനു ചികില്‍സ തേടിയിട്ടുണ്ടെന്നും ഏറെക്കാലമായി തൊഴില്‍രഹിതനാണെന്നും ബ്രിഗേഡിയര്‍ സഈദ് ബ്ന് സുലൈമാന്‍ പറഞ്ഞു. അറസ്റ്റു രേഖപ്പെടുത്തിയശേഷം പൊലീസ് പ്രതിയെ മാനസികാരോഗ്യ ചികില്‍സയ്ക്ക് അയച്ചു.