കണ്ണൂര്‍: ദുബൈ ഡ്യൂട്ടി നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം തേടിയെത്തിയത് മലയാളിയെ. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ കണ്ണൂര്‍ സ്വദേശിയാണ് ഒന്നാം സമ്മാനം നേടിയത്. 26 വയസുകാരനായ ശരത് കുന്നുമ്മലാണ് കോടിക്കണക്കിന് രൂപ സ്വന്തമാക്കിയത്.
മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ശരത് കുമാറിനെ തേടിയെത്തിയത്. ഒന്‍പത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തത്. നറുക്കെടുപ്പിലൂടെ ലഭിച്ച ഏഴ് കോടി രൂപ പത്ത് സുഹൃത്തുക്കളും തുല്യമായി പങ്കുവെയ്ക്കും.
ഫെബ്രുവരി രണ്ടിന് ഓണ്‍ലൈനിലൂടെ എടുത്ത 4275 നമ്പര്‍ ടിക്കറ്റിലൂടെയാണ് ശരതിനെയും കൂട്ടുകാരെയും കോടികളുടെ ഭാഗ്യം തേടിയെത്തിയത്. യുഎഇയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ശരതിന് പ്രതിമാസം 1600 ദിര്‍ഹമാണ് ശമ്പളം. ‘മാതാപിതാക്കള്‍ക്കായി നാട്ടിലൊരു വീണ് നിര്‍മിക്കണമെന്നതാണ് തന്റെ സ്വപ്നം’ – ശരത് ‘ഗള്‍ഫ് ന്യൂസിനോട്’ പറഞ്ഞു.
ബുദ്ധിമുട്ടേറിയ സമയത്ത് സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ സമ്മാനം ലഭിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ശരത് പറയുന്നു.