മസ്കറ്റ്; ഒമാനില്‍ ആഞ്ഞടിച്ച ഹിക്ക ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരണം. അഞ്ച് പേര് മരിച്ച വിവരം ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിനിടെ മത്സ്യബന്ധന ബോട്ട് നെടുകെ പിളരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമാന്‍ അധികൃതരുമായി സഹകരിച്ച് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാനില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സെപ്തംബര്‍ 17നാണ് ഈ ബോട്ട് കടലില്‍ പോയിരുന്നത്. സെപ്തംബര്‍ 26നാണ് അപകടം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. 27ന് ഒരു മൃതദേഹം ലഭിച്ചു. പിന്നീട് രണ്ട് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ എംബസി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.