ദുബായ്: ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുബായിയില്‍ കുടുങ്ങിയ സഹോദരിയെ രക്ഷപ്പെടുത്താന്‍ മാധ്യമ വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്തു. നിമിഷങ്ങള്‍ക്കം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ട് യുവതിയെ ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചു. പഞ്ചാപ് സ്വദേശിനിയായ സിമരഞ്ജീത് കൗറി(19)നാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. കുട്ടികളെ നോക്കാനുള്ള വിസയാണെന്ന് പറഞ്ഞ് അയച്ചു. അവിടെ എത്തിയപ്പോള്‍ മറ്റു കഠിന ജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
5000 ദിര്‍ഹം ശമ്പളം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് സിമരഞ്ജീത് കൗറിനെ ഏജന്റുമാര്‍ ഈ മാസം 26ന് യുഎഇയിലെത്തിച്ചത്. എന്നാല്‍, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തി മണിക്കൂറുകളോളം കാത്തിരുന്ന ശേഷമായിരുന്നു ഇവിടത്തെ ഏജന്റ് പ്രതിനിധികള്‍ കൂട്ടിക്കൊണ്ടു പോകാനെത്തിയത്. തുടര്‍ന്ന് അജ്മാനിലേയ്ക്ക് കൊണ്ടുപോയി മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. തന്റെ അവസ്ഥ സിമരഞ്ജീത് കൗര്‍ അമൃത് സര് പണ്ടോരി ഗോല ഗ്രാമത്തിലെ തന്റെ വീട്ടുകാരെ അറിയിക്കുകയും സഹോദരിയില്‍ നിന്ന് വിവരമറിഞ്ഞ ജേണലിസം വിദ്യാര്‍ത്ഥിനി മോണിക്കാ ശര്‍മ അക്കാര്യം മന്ത്രി സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്യുകയുമായിരുന്നു.
സിമരഞ്ജീത് കൗറിന്റെ പടവും വിമാന ടിക്കറ്റും സഹിതമായിരുന്നു ട്വീറ്റ്: ‘മാം, ഇതെന്റെ സുഹൃത്തിന്റെ സഹോദരിയാണ്. സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു ഇവരില്‍ നിന്ന് പണം വാങ്ങിയ ഏജന്റ് പെണ്‍കുട്ടിയെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 2ല്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. അവളുടെ കൈവശം ഒരു ഫോണുമില്ല. അവളുടെ പേര് സിംറാന് എന്നാണ്’ ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സുഷമാ സ്വരാജ് ഉടന്‍ തന്നെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് കാര്യം അന്വേഷിക്കാന്‍ നിര്‍ദേശം നല്കി. മോണിക്ക വീണ്ടും ട്വീറ്റ് ചെയ്ത അജ്മാനിലെ ഏജന്റിന്റെ വിവരപ്രകാരം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ സിമരഞ്ജീത് കൗറിനെ കണ്ടെത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചയച്ചു.