ദുബായ്: ഇന്ത്യക്കാരനെ ചതിയില്‍ വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരന് ദുബായില്‍ ജയിലിലായി. പെണ്‍വേഷം ധരിച്ചെത്തി സമൂഹമാധ്യമങ്ങളിലെ പരിചയം മുതലെടുത്ത് ഇന്ത്യക്കാരനെ ദുബായിലെത്തിച്ച ശേഷം ബന്ദിയാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ബ്രിട്ടിഷുകാരനെതിരെ ദുബായ് കോടതി കേസ് ഫയല്‍ ചെയ്തു.
സമൂഹമാധ്യമം വഴിയുള്ള പരിചയം വച്ചാണ് ഇന്ത്യക്കാരന് ദുബായിലെത്തിയത്.
ബ്രിട്ടിഷ് പൗരന് സ്ത്രീയുടെ വേഷത്തിലായിരുന്നു സംസാരിച്ചിരുന്നതെന്നും ജോലിയുടെ അഭിമുഖത്തിനായാണ് ദുബായിലേക്ക് ക്ഷണിച്ചതുമെന്നുമാണ് കോടതി രേഖകള്‍ പറയുന്നത്. കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്.
ജോലി അന്വേഷിച്ച് എത്തിയ ഇന്ത്യക്കാരന് സ്വന്തം വീസയിലാണ് ദുബായില്‍ എത്തിയത്. 36 വയസുളള ബ്രിട്ടിഷ് പൗരന് അഭിമുഖത്തിനായി ക്ഷണിച്ച കമ്പനിയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആണെന്നു സ്വയം പരിചയപ്പെടുത്തി ഇയാളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്ത്യക്കാരനെ ഇയാള്‍ വാടകയ്ക്കെടുത്ത ഹോട്ടല്‍ മുറിയില്‍ രണ്ടു ദിവസം പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കോടതി രേഖകള്‍ പറയുന്നത്. ജീവന് ആപത്ത് സംഭവിക്കരുത് എന്നുണ്ടെങ്കില്‍ സഹോദരനോട് ഒരു ദശലക്ഷം ദിര്‍ഹം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്.
ഇന്ത്യക്കാരന്റെ സഹോദരന് ബ്രിട്ടിഷ് പൗരന് നല്‍കാനുള്ള ഒരു ദശലക്ഷം ദിര്‍ഹം തിരികെ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇയാള്‍ നാടകം കളിച്ചത്. പണം തന്നില്ലെങ്കില്‍ ഇതിനു തുല്യമായ വസ്തു നല്കിയാലും മതിയെന്ന നിലപാടായിരുന്നു ബ്രിട്ടിഷ് പൗരന്. കാര്യങ്ങള്‍ ഇന്ത്യക്കാരന് ഫോണിലൂടെ സഹോദരനോട് പറഞ്ഞു. ബ്രിട്ടനിലുള്ള സഹോദരന് ദുബായിലുള്ള ബന്ധുവിനോട് കാര്യങ്ങള്‍ പറയുകയും ഇയാള്‍ ദുബായ് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തുകയും പൂട്ടിയിട്ടിരുന്ന ഇന്ത്യക്കാരനെ മോചിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു. പ്രതിയെ ഹോട്ടലിന്റെ ലോബിയില്‍ നിന്നാണ് പിടികൂടിയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇരയായ വ്യക്തിയുടെ സഹോദരനെ വിളിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ സ്ത്രീ വേഷത്തിലാണ് ഇന്ത്യക്കാരനുമായി സമൂഹമാധ്യമത്തില്‍ സംസാരിച്ചിരുന്നത്. പണം തിരികെ പിടിക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പ്രൊസിക്യുട്ടര്‍ അറിയിച്ചു. കേസ് വീണ്ടും ഓഗസ്റ്റ് 12ന് പരിഗണിക്കും.