ഷാര്‍ജ: കരുനാഗപ്പള്ളി സ്വദേശിയായ തൊഴിലുടമ കമ്പനി പൂട്ടി കബളിപ്പിച്ച് മുങ്ങിയതോടെ ദുരിതത്തിലായത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്. ദിവസ ചെലവിന് പോലും വകയില്ലാതെ മരുഭൂമിയില്‍ പെരുവഴിയിലായ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ സഹായഭ്യര്‍ഥന നടത്തുകയാണിപ്പോള്‍.
കഠിന ചൂടില്‍ താമസിക്കാനിടമോ, കൂലിയോ വേലയോ ഭക്ഷണമോ ഇല്ലാതെ മലയാളികളടക്കം നാലു പേര് പെരുവഴിയിലാണ്. വാടക നല്കാത്തതിനാല് കെട്ടിട ഉടമ ഇവര്‍ താമസിക്കുന്ന മുറി നാല് ദിവസം മുന്‍പ് പൂട്ടുകയും ചെയ്തതോടെയാണ് ഇവര്‍ ദുരിതമനുഭവിക്കുന്നത്.
അടൂര്‍ പത്തനംതിട്ട സ്വദേശി ബിനു രാജന്(40), ആലപ്പുഴ ചാരുംമൂട് സ്വദേശികളായ ഓമനക്കുട്ടന്(48), ശശിധരക്കുറുപ്പ്(54), തമിഴ്നാട് സ്വദേശി എന്നിവരാണ് ജീവിക്കാന്‍ വഴി കാണാതെ മദാം വ്യവസായ മേഖലയില്‍ കഴിയുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പ്ലംബിങ ്ഫാബ്രിക്കേഷന് കമ്പനിയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ജോലി ചെയ്തിരുന്ന ഇവര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി കൃത്യമായി ശമ്പളം പോലും ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്.
തൊഴിലുടമ ശമ്പളം നല്‍കാമെന്ന് പറഞ്ഞ് മുങ്ങിയതോടെ ഇവര്‍ പൂര്‍ണ പട്ടിണിയിലാകുകയായിരുന്നു. അറിയാവുന്ന സുഹൃത്തുക്കളോടും നാട്ടിലും വിവരം അറിയിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം ഇവരെ രക്ഷപ്പെടുത്തുന്നതിന് തടസ്സവും നേരിടുകയാണ്. മണിക്കൂറിനനുസരിച്ചായിരുന്നു തുച്ഛമായ ശമ്പളം. കഴിഞ്ഞ നാല് മാസമായി ശമ്പളം പൂര്‍ണമായും മുടങ്ങുകയും നിത്യച്ചെലവിന് പോലും വഴിയില്ലാതെ ദുരിതത്തിലാവുകയും ചെയ്തു. ആറായിരം മുതല്‍ പത്തായിരം ദിര്‍ഹം വരെയാണ് ഇവരുടെ ശമ്പള കുടിശ്ശിക.
പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയില്‍ ആദ്യം 30 പേരുണ്ടായിരുന്നു. ശമ്പളം മുടങ്ങുകയും ജോലി ഇല്ലാതാവുകയും ചെയ്തതോടെ പലരും വിസ റദ്ദാക്കി നാട്ടിലേയ്ക്ക് മടങ്ങി. ബിനു, ഓമനക്കുട്ടന്, ശശിധരക്കുറുപ്പ് എന്നിവര്‍ നാട്ടില്‍ പോകാതെ രണ്ട് വര്‍ഷം കഴിഞ്ഞു. എല്ലാവരുടേയും വിസ കാലാവധി പിന്നിട്ട് ഒരു വര്‍ഷമായി. കമ്പനിയുടമയെ ബന്ധപ്പെട്ട് തങ്ങളുടെ ദുരിതം അറിയിച്ചപ്പോള്‍ ഉടന്‍ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നല്കുകയിരുന്നു. എന്നാല്‍, അടുത്ത കാലത്തായി ഇദ്ദേഹം തിരിഞ്ഞുനോക്കുന്നില്ലെന്ന് ബിനു പറയുന്നു. വിവാഹിതനായ ഉടന്‍ യുഎഇയിലേയ്ക്ക് വന്ന ബിനുവിന് എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹം.
കുടുംബത്തില്‍ അത്യാവശ്യ കാര്യങ്ങളുള്ളതിനാല്‍ ഓമനക്കുട്ടനും ശശിധരക്കുറുപ്പും ശമ്പളകുടിശ്ശിക ലഭിച്ചാലുടന്‍ നാട്ടിലേയ്ക്ക് മടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. അടുത്തിടെ തൊഴിലുടമ ഇവരുടെ പാസ്പോര്‍ട്ട് എത്തിച്ചുകൊടുത്തു. അതില്പിന്നെ അയാള്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് ഓമനക്കുട്ടന് പറഞ്ഞു.
യുഎഇ ഗവ പ്രഖ്യാപിച്ച പൊതുമാപ്പില്‍ പോകാമെങ്കിലും ശമ്പളകുടിശ്ശിക ലഭിക്കാതെ പോയാല്‍ ജീവിതം കൂടുതല്‍ ദുരിതത്തിലാകുമെന്ന് ഇദ്ദേഹം പറയുന്നു. തൊട്ടടുത്തെ ഗ്രോസറിക്കാരുടെ സഹായത്തോടെയാണ് ഇവര്‍ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ കുളിയും നിലച്ചു. ഒറ്റപ്പെട്ട സ്ഥലത്തായതിനാല്‍ 24 മണിക്കൂറും വിയര്‍ത്തൊലിച്ചാണ് ഇവര്‍ കഴിയുന്നത്.