കുവൈറ്റ് സിറ്റി: നീണ്ട കാത്തിരിപ്പിനൊടുവില്‍ കുവൈറ്റിലേക്കുളള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനുള്ള അനുമതി നോര്‍ക്ക ഏജന്‍സിയ്ക്ക് ലഭിച്ചു. ഇത് സംബന്ധിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി നോര്‍ക്ക സി.ഈ.ഓ ഹരികൃഷ്ണന് നമ്പൂതിരി, റിക്രൂട്ടിങ് മാനേജര്‍ അജിത് കൊളാശേരി എന്നിവര്‍ പറഞ്ഞു.
നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെയും നഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക ഉള്‍പ്പെടെയുള്ള ആറ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്കാണ് കുവൈറ്റില്‍ നിന്നും അനുമതി ലഭിച്ചത്. എന്നാല്‍ നോര്‍ക്കയാണ് പ്രധാനമായും താത്പര്യമെടുത്ത് നിയമന കാര്യത്തില്‍ കാര്യക്ഷമമായി ഇടപെട്ടതും മുന്നോട്ട് പോയതും.
പരിശീലനം പൂര്‍ത്തിയാക്കിയ ഗാര്‍ഹിക തൊഴിലാളികളുടെ ആദ്യ ബാച്ച് വിസ നടപടികള്‍ പൂര്‍ത്തിയാക്കി ഉടനെ കുവൈറ്റിലെത്തുമെന്ന് ഔദ്യോഗിക റിക്രൂട്ടിങ് ചുമതലയുള്ള അല്‍ദുര കമ്പനി പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ നോര്‍ക്ക റൂട്സ്പ്രതിനിധികള് അറിയിച്ചു.
500 പേരെയാണ് അല്ദുരാ കമ്പനി ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടത്. ഇവര്‍ക്കുള്ള പരിശീലനം നാട്ടില്‍ നടന്നിരുന്നു.ആദ്യ ബാച്ചില്‍ എത്തിച്ചേരുന്ന തൊഴിലാളികള്‍ക്ക് കിട്ടുന്ന പരിരക്ഷയും മറ്റു സൗകര്യവും മനസ്സിലാക്കി അടുത്ത ഘട്ട റിക്രൂട്മെന്റ് നടപടികളും തുടങ്ങുമെന്നും ഇവര്‍ പറഞ്ഞു.