ന്യൂഡല്‍ഹി: ക്രിക്കറ്റ് പിച്ചിന് പുറത്ത് ഒരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട്ട് കോഹ്ലി. ഫോബ്സ് പുറത്തുവിട്ട ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് കോഹ്ലിയാണ്. ഇന്ത്യന്‍ കായിക താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനവും കോലിക്കു തന്നെയാണ്.
പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 2017 ഒക്ടോബര്‍ ഒന്നു മുതല്‍ 2018 സെപ്തംബര്‍ 30 വരെയുള്ള കാലയളവിലെ വരുമാനമാണ്. പട്ടികയില്‍ ഒന്നാമത് ഇക്കാലയളവില്‍ 253.25 കോടി വരുമാനമുള്ള ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സല്മാന് ഈ പട്ടികയില്‍ മുന്നിലെത്തുന്നത്. രണ്ടാമതുള്ള കോഹ്ലിയുടെ വരുമാനം 228.09 കോടിയാണ്. ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനായിരുന്നു കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്ത്.
കോഹ്ലിക്ക് പരസ്യങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്നത് ബിസിസിഐ കരാറില്‍ നിന്നും മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന തുകയുടെ എത്രയോ ഇരട്ടിയാണ്. 185 കോടി രൂപ വരുമാനമുള്ള അക്ഷയ് കുമാറാണ് ഇത്തവണ മൂന്നാം സ്ഥാനത്ത്. 112.8 കോടി രൂപയുമായി ദീപിക പദുക്കോണ്‍ നാലാമതും 101.77 കോടി രൂപയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അഞ്ചാമതുമാണ്.
സച്ചിന് തെണ്ടുല്‍ക്കര്‍ 2013ല്‍ വിരമിച്ചെങ്കിലും ഈ വര്‍ഷവും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 80 കോടി രൂപയാണ് അദ്ദേഹത്തിന്റെ പോയ ഒരു വര്‍ഷത്തെ വരുമാനം. 2012 മുതല്‍ വര്‍ഷം ശരാശരി 73.12 കോടി വരുമാനവുമായി സച്ചിന് ആദ്യ പത്തില്‍ ഇടംപിടിക്കാറുണ്ട്. ആമിര്‍ ഖാന്, അമിതാഭ് ബച്ചന്, അജയ് ദേവ്ഗണ് എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. ഇന്ത്യയിലെ 100 സെലിബ്രിറ്റികളും ചേര്‍ന്ന് ഇത്തവണ സമ്പാദിച്ചത് 3,140.25 കോടി രൂപയാണ്.