നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒളിഞ്ഞിരിക്കുന്ന പഴമാണ് ആപ്പിള്‍. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നത് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ് ഈ പഴം. സൗന്ദര്യസംരക്ഷണത്തിനായി നിരവധി ക്രീമുകളും മറ്റും വിപണികളില്‍ ലഭ്യമാണ്. എന്നാല്‍ ഇതിനേക്കാള്‍ എല്ലാം ഏറെ ഗുണം ചെയ്യുന്നതാണ് പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത്.
പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ ചര്‍മ്മത്തിന്റെ ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ഇത്തരം പ്രകൃതി ദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ കഴിയുന്നു. അത്തരത്തില്‍ സൗന്ദര്യ സംരക്ഷണത്തിനായി നമുക്ക് ആപ്പിള്‍ ഉപയോഗിക്കാം. ഇത് മുഖത്ത് തേക്കുന്നതിലൂടെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. എന്നാല്‍ രാത്രി കിടക്കും മുന്‍പ് വേണം ഉപയോഗിക്കാന്‍. ആപ്പിള്‍ എങ്ങനെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാമെന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
ആദ്യം ചെയ്യേണ്ടത് ആപ്പിള്‍ മുറിച്ച് കുരുവെല്ലാം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് മിക്സിയില്‍ എടുത്ത് അല്പം ഒലീവ് ഓയില്‍ മിക്സ് ചെയ്ത് അഞ്ച് മുതല്‍ ഏഴ് വരെ മിനിട്ട് നല്ലതു പോലെ അരക്കുക. ഇത് ഒരു പാനില്‍ വെള്ളം ചൂടാക്കി അതില്‍ ഒരു പാത്രം വെച്ച് അതിനകത്ത് ഈ മിശ്രിതം ഇട്ട് നല്ലതു പോലെ ചൂടാക്കി എടുക്കുക. ആപ്പിള്‍ നൈറ്റ് ക്രീം തയ്യാര്‍.
ഉപയോഗിക്കേണ്ട വിധം
ആദ്യം മുഖവും കഴുത്തും നല്ലതു പോലെ കഴുകി വൃത്തിയാക്കുക. മുഖം ഉണങ്ങി കഴിഞ്ഞ ശേഷം കൈയ്യില്‍ അല്പം ക്രീം എടുത്ത് ഇത് മുഖത്ത് നല്ലതു പോലെ മുകളിലോട്ട് തേച്ച് പിടിപ്പിക്കുക. രാത്രി മുഴുവന്‍ ഇത് മുഖത്തുണ്ടാവണം. രാവിലെ എഴുന്നേറ്റ് ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. മുഖം തിളങ്ങുന്നതിനൊപ്പം കറുത്ത പാടുകള്‍ കളയാനും ഇത് വഴി സാധിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി മുഖം വൃത്തിയാകാനും ഉത്തമമാണ് ഈ മാര്‍ഗം.