മുഖക്കുരു ഒന്നും ഇല്ലാത്ത നല്ല തിളങ്ങുന്ന മുഖം ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. ഇതിനായി പല വഴികളും നോക്കിയിട്ടും സാധിക്കാതെ വരുന്നവര്‍ തോറ്റ് പിന്മാറാന് നില്‍ക്കേണ്ട. എല്ലാറ്റിനും അതിന്റേതായ വഴിയുണ്ട്. പ്രകൃതിദത്തമായ സ്ക്രബുകളും, ഫെയ്സ് പാക്കുകളും സൗന്ദര്യ സംരക്ഷണത്തിനായി നമുക്ക് ഉപയോഗിക്കാം. പേടി കൂടാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇത്തരം പൊടിക്കൈകള്‍ നമുക്ക് വീട്ടില്‍ വച്ചുതന്നെ പരീക്ഷിക്കാം. അത്തരത്തിലുള്ള ഒന്നാണ് ചെറുനാരങ്ങ കൊണ്ടുള്ള സ്ക്രബ്. ചെറുനാരങ്ങയും തേനും പഞ്ചസാരയുമാണ് ഇതിലെ പ്രധാന ഘടകങ്ങള്‍.
എന്നാല്‍ ഇത് ഉപയോഗിക്കുമ്പോഴും നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എല്ലാവരുടേയും ചര്‍മ്മം ഒരുപോലെ അല്ല എന്നകാര്യം നാം മറക്കരുത്. അതിനാല്‍ ചെറുനാരങ്ങ സക്രബ് ഉപയോഗിക്കേണ്ടത് ഓരോ തരം ചര്‍മ്മമുള്ളവരും ഓരോ രീതിയിലാണ്. എങ്ങനെയാണെന്ന് നോക്കാം.
‘നോര്‍മല്‍ സ്കിന്‍’ ഉള്ളവര്‍ക്ക്
ഒരു ബൗളില്‍ 6 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും എടുക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് വിരലറ്റങ്ങള്‍ കൊണ്ട് വൃത്താകൃതിയില്‍ തേച്ചുപിടിപ്പിക്കുക. ഇതൊരു മസാജിംഗ് രീതി കൂടിയാണ്. പഞ്ചസാരത്തരികള്‍ മുഖത്തിരുന്ന് അലിയുന്നത് വരെ ഈ മസാജിംഗ് തുടരുക. തുടര്‍ന്ന് വെള്ളമുപയോഗിച്ച് മുഖം കഴുകി വൃത്തിയാക്കാം.
‘ഡ്രൈ സ്കിന്‍’ ഉള്ളവര്‍ക്ക്
ഒരു ബൗളിലേക്ക് അരക്കപ്പ് വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര് എന്നിവ പകരുക. നന്നായി യോജിപ്പിച്ച ശേഷം എട്ട് മുതല്‍ പത്ത് മിനുറ്റ് വരെയെടുത്ത് മുഖത്ത് നല്ലരീതിയില്‍ തേച്ചുപിടിപ്പിക്കുക. തുടര്‍ന്ന് മുഖം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം.
‘ഓയിലി സ്കിന്‍’ ഉള്ളവര്‍ക്ക്
ഒരു ബൗളിലേക്ക് ഓരോ ടേബിള്‍ സ്പൂണ്‍ വീതം നാരങ്ങാനീരും, തേനും ചേര്‍ക്കുക. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ക്കുക. ക്ലെന്സറായിട്ടാണ് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത്. ഇവ നന്നായി യോജിപ്പിച്ച ശേഷം മൂന്നോ നാലോ മിനുറ്റ് നേരം നന്നായി മസാജ് ചെയ്യുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകി വൃത്തിയാക്കാം.