തിരൂര്‍: വഖഫ് വിഷയത്തില്‍ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു തിരൂര്‍ ജനകീയ കൂട്ടായ്മ. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് ഉദ്യോഗസ്ഥ നിയമനം പിഎസ്സിക്ക് വിട്ട സമീപനം പ്രബല മത സംഘടനകള്‍ ഉള്‍പ്പടെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ ആശങ്കകള്‍ അകറ്റി തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം.
അര്‍ഹതപ്പെട്ട മസ്ജിദ് ഇമാമുമാര്‍, മുഅദ്ദിന് തുടങ്ങിയ ജീവനക്കാരുടെ ക്ഷേമ പെന്ഷന്, വിവാഹ ചികിത്സ ധനസഹായങ്ങള്‍ ഉള്‍പ്പടെയുള്ള ആശ്വാസ പദ്ധതികള്‍ പുനരാരംഭിച്ച് കാര്യക്ഷമമാക്കണമെന്നും അതോടൊപ്പം അറബിക്ക് ദഅവ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ കൂട്ടായ്മ ആവശ്യപ്പെടുന്നു.
കൂടാതെ മഞ്ചേരി നെല്ലിക്കുത്ത് ആലി മുസ്ലിയാര് സ്മാരക സൗധത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സാംസ്കാരിക വകുപ്പിന് കൈമാറണമെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ തിരുരില്‍ വെച്ച് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറും കൂട്ടായ്മയുടെ ചെയര്‍മാനുമായ മുഹമ്മദ് കാസിം കോയ ഹാജി, കണ്‍വീനറും മദ്രസ ക്ഷേമ ബോര്‍ഡംഗവുമായ കെ സിദ്ധീഖ് മൗലവി അയിലക്കാട്, സിഎം ഹനീഫ മൗലവി എന്നിവരാണ് നിവേദനം നല്കിയ സംഘത്തില്‍ ഉണ്ടായിരുന്നത്.