തൃശ്ശൂര്‍: ജൂലൈ ഒന്നു മുതല്‍ 30 വരെ നീണ്ടു നില്ക്കുന്ന ഒരു മാസത്തെ വിശ്രമ കാലത്തിന് തയ്യാറെടുക്കുകയാണ് ഗുരുവായൂരിലെ ആനകള്‍. ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്ക് എല്ലാവര്‍ഷവും നല്‍കിവരുന്ന സുഖചികിത്സയാണ് ജൂലൈയില്‍ ആരംഭിക്കുന്നത്. 45 ആനകള്‍ക്കാണ് സുഖചികിത്സ തുടങ്ങുന്നത്. ആയുര്‍വേദ അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തി പ്രത്യേക ആഹാരക്രമത്തോടെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടി ശാസ്ത്രീയമായി തയ്യാറാക്കിയ സമീകൃത ആഹാരമാണ് സുഖചികിത്സാ കാലയളവില്‍ ഇവര്‍ക്ക് നല്‍കുക.
ആനകളെ വേണ്ടവിധം കഴുകിത്തുടച്ച് വൃത്തിയാക്കിയ ശേഷമാണ് ഭക്ഷണം. 4050 കിലോ അരി, 1350 കിലോ ചെറുപയര്‍/മുതിര, 1350 കിലോ റാഗി, 135 കിലോ അഷ്ടചൂര്‍ണം, 337.5 കിലോ ചവനപ്രാശം, 135 കിലോ മഞ്ഞള്‍പൊടി, ഷാര്‍ക്കോഫെറോള്‍, മിനറല്‍ മിക്സ്ചര്‍, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇനങ്ങള്‍.ആന ചികിത്സാ വിദഗ്ധരായ ഡോ. കെ സി പണിക്കര്‍, ഡോ. പി ബി ഗിരിദാസ്, ഡോ. എം എന്‍ ദേവന് നമ്പൂതിരി, ഡോ. ടി എസ് രാജീവ്, ഡോ. വിവേക്, ദേവസ്വം വെറ്റിനറി സര്ജന്മാര് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുഖചികിത്സ.