തൃശൂര്‍: രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മ്മിക്കുന്ന യന്ത്രമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അതില്‍ നിന്നും ഓരോ ദിവസവും പുതിയ പുതിയ നുണകള്‍ ചെന്നിത്തല നിര്മ്മിച്ചുക്കൊണ്ടിരിക്കുകയാണന്ന് അവര്‍ പറഞ്ഞു. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
എല്ലാ മേഖലയിലും ഇടതുപക്ഷം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വച്ചത്. പക്ഷേ യുഡിഎഫും-ബിജെപിയും എല്‍ഡിഎഫിനെ തകര്‍ക്കണമെന്ന അജണ്ടയാണ് സ്വീകരിക്കുന്നത്. യുഡിഎഫ് നേതാക്കള്‍ ബിജെപിക്ക് എതിരെ ഒരക്ഷരം മിണ്ടുന്നില്ല. ഗുരുവായൂര്‍ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെയും മറ്റും പ്രസ്താവനകള്‍ മനസിലാക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് ശബരിമല തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കും. രാഹുലിലെക്കുറിച്ചുള്ള ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം പിന്‍വലിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തു. അത്തരത്തില്‍ ഒരു നേതാവിനെപ്പറ്റിയും വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാടില്ല. എന്നാല്‍ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ അധിക്ഷേപിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആ വാക്കുകള്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ലെന്നും ബൃന്ദ കാരാട്ട് ഓര്‍മ്മിപ്പിച്ചു.
ഏകെ ആന്റണി കുറെക്കാലം കേരളത്തില്‍ നിന്നും വിട്ടു നിന്നതിനാല്‍ ഇവിടത്തെ കാര്യങ്ങള്‍ അറിയില്ല. അതറിയണമെങ്കില്‍ സാധാരണക്കാരോട് അന്വേഷിക്കണം. റേഷന്‍കടകളില്‍ നിന്ന് 80 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ലഭിച്ച ഭക്ഷ്യക്കിറ്റിനെപ്പറ്റിയും പെന്‍ഷനെപ്പറ്റിയും കേരളത്തിലെ അടിസ്ഥാന വികസനത്തെപ്പറ്റിയുമെല്ലാം അറിയണമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.