തൃശൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനായി ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദര്‍ശനവും ഓണ്‍ലൈനില്‍ കണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങിയിരിക്കുകയാണ് ഗായിക കെഎസ് ചിത്ര.
പത്മഭൂഷന്‍ അര്‍ഹയായ വിവരം അറിഞ്ഞയുടന്‍ ചെന്നൈയിലിരുന്ന് ചിത്രയ്ക്ക് ഗുരുവായൂരപ്പനെ തൊഴാന്‍ അവസരം ഉണ്ടായി. വിഡിയോ കോളിലൂടെ ഫോണിന്റെ സ്ക്രീനില്‍ പതിഞ്ഞ ഗുരുവായൂര്‍ അമ്പലത്തിനുമുന്നില്‍ ‘എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം’ എന്ന വാക്കോടെ ചിത്ര നമിച്ചു.
പത്മഭൂഷന്‍ ലഭിച്ചെന്ന വിവരം അറിഞ്ഞയുടന്‍ ആ സന്തോഷം പങ്കുവയ്ക്കാന്‍ ചിത്ര ‘അനുജന്’ എന്നു വിളിക്കുന്ന സംവിധായകന് സേതു ഇയ്യാലിനെ വിളിച്ചു. അപ്പോള്‍ ഒരു സുഹൃത്തിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അമ്പലമുറ്റത്തു നില്‍ക്കുകയായിരുന്നു സേതു. ഗുരുവായൂരപ്പന്റെ ഭക്തയാണു ചിത്രയെന്നറിയാവുന്നതിനാല് ‘ചേച്ചിക്കു തൊഴണോ’ എന്ന് സേതു ചോദിച്ചു.
ഉടന്‍തന്നെ വിഡിയോ കോളില്‍ വിളിച്ചു. അമ്പലത്തിന്റെ കിഴക്കേനടയുടെ അരികിലേക്കു മാറിനിന്ന് അമ്പലം സേതു കാണിച്ചുകൊടുത്തു. കൊവിഡ് മൂലം ഒരുവര്‍ഷമായി ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങിയ ചിത്രയ്ക്ക് ഗുരുവായൂര്‍ അമ്പല ദര്‍ശനം ഇരട്ടി സന്തോഷമാണ് ഉണ്ടാക്കിയത്. കൊവിഡ് അവസാനിച്ചിട്ടു വേണം ഗുരുവായൂരപ്പനെ കാണാന്‍ വരാന്‍ എന്നു പലവട്ടം പറഞ്ഞിരിക്കെയാണ് പത്മഭൂഷണ്‍ കിട്ടുന്നതും ആ നിമിഷം തൊഴാന്‍ ഗുരുവായൂരപ്പനെ തൊഴാന്‍ അവസരം ലഭിക്കുന്നതും.