വാടാനപ്പള്ളി: ലോകജനതയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച മഹാമാരിയുടെ കാലത്താണ് നമ്മള് ഇപ്പോള്‍ ജീവിക്കുന്നത്. എന്തിനും എവിടെയും എപ്പോഴും കൊവിഡിന്റെ നിബന്ധനകള്‍. ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വിലക്കുകള്‍ കല്‍പ്പിച്ച കാലം. മലയാളികളുടെ വിവാഹ സങ്കല്‍പ്പങ്ങളെ പോലും തകര്‍ത്തെറിഞ്ഞ ഇക്കാലത്ത് വ്യത്യസ്തമായൊരു വിവാഹം ഇതാ.
വിവാഹ സദ്യയ്ക്ക് പകരം അതിഥികള്‍ക്ക് സമ്മാനങ്ങള്‍ നിറഞ്ഞ ‘വിവാഹ കിറ്റ്’ നല്കി ആതിഥേയര്‍. കൊവിഡ് പ്രോട്ടോക്കോള്‍ കാരണം വിവാഹ സദ്യ നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് വിവാഹസദ്യക്കു പകരം കിറ്റുകള്‍ വീടുകളിലെത്തിച്ചത്.
അന്ധര്‍ നെയ്തെടുത്ത ടര്‍ക്കിയും ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും ബദാമും അടങ്ങുന്ന ഡ്രൈ ഫ്രൂട്സും വിവാഹ ക്ഷണക്കത്തിനു പകരം വിവാഹ ഇന്റിമേഷനും ഉള്‍പ്പെടെയുള്ളവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ അന്ധരെ സഹായിക്കുന്ന സംഘടനയായ നാബിന്റെ നേതൃത്വത്തില്‍ അന്ധര്‍ നെയ്തതാണ് ടര്‍ക്കി.
വാടാനപ്പള്ളി നടുവില്ക്കരയിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിഎഫ് ജോയ്, ഷീല ദമ്പതികളുടെ മകന് ഗോഡ് വിനും തൃശൂര്‍ ചേലക്കോട്ടുകര കുരുവിള വീട്ടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജന് കുരുവിള, ലിന്‍സി ദമ്പതികളുടെ മകള്‍ ആന്‍സിയുടെയും വിവാഹത്തിനാണ് സദ്യക്കു പകരം ഈ കിറ്റുകള്‍ വീടുകളിലെത്തിച്ചത്.
വാടാനപ്പള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യയേഴ്സ് പള്ളിയില്‍ ഇന്നാണ് വിവാഹം. വധൂവരന്മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ്. വിവാഹദിനമായ ഇന്ന് ഗോഡ് വിന്റെ വീടിനു സമീപത്തെ 100 പേര്‍ക്കായി സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.