തൃശൂര്‍: ഒരേ സമയം രണ്ട് ഗിന്നസ് ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കി തൃശ്ശൂര്‍ക്കാരന്‍. അവിണിശേരി സ്വദേശി ജോണ്‍ പോള്‍ ആണ് രണ്ട് അഭ്യാസങ്ങളിലായി ഒരേ സമയം രണ്ട് ഗിന്നസ് ലോകറിക്കാര്‍ഡുകള്‍ സ്വന്തമാക്കിയത്.
കൈയില്‍ പിടിച്ച മുട്ട പൊട്ടാതെ 30 സെക്കന്‍ഡുകൊണ്ട് 45 ജ്യൂസ് കാനുകള്‍ ഇടിച്ചു തകര്‍ക്കുകയും കുങ്ഫു ആയുധമായ നെഞ്ചക് ഒരു മിനിറ്റില്‍ 136 തവണ ബാക്ക് ഹാന്‍ഡ് റോള്‍ ചെയ്യുകയും തുടങ്ങിയ രണ്ട് അഭ്യാസങ്ങളിലൂടെയാണ് ജോണ്‍ പോള്‍ ലോക റെക്കോര്‍ഡുകള്‍ കുറിച്ചത്.
കൊടിയത്ത് വീട്ടില്‍ രാജന്റെയും കൊച്ചുത്രേസ്യയുടേയും മകനാണ് ജോണ്‍ പോള്‍. 14-ാം വയസില്‍ കുങ്ഫു പരിശീലനം തുടങ്ങിയ ജോണ്‍ പോള്‍ പതിനെട്ടാം വയസില്‍ പരിശീലകനായി. രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ് ജോണ്‍ പോള്‍ കാന്‍ തകര്‍ക്കലില്‍ ചൈനക്കാരന്റെ റെക്കാര്‍ഡ് തകര്‍ത്തത്. നെഞ്ചക് അഭ്യാസത്തില്‍ പാക്കിസ്ഥാന്‍കാരന്റെ റെക്കാര്‍ഡാണ് മറികടന്നത്.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ നടത്തിയ ഗിന്നസ് ശ്രമത്തിന്റെ വീഡിയോയും രേഖകളും പരിശോധിച്ച് ഇക്കഴിഞ്ഞ മാസമാണ് ഗിന്നസ് ബുക്ക് അധികാരികള്‍ ലോകറെക്കാര്‍ഡ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ എത്തിയത്. 2019 ല്‍ കണ്ണു മൂടിക്കെട്ടി ഇരു കൈകളിലും നെഞ്ചക് വീശി ജോണ്‍ പോള്‍ അറേബ്യന്‍ വേള്‍ഡ് റെക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു.