തൃശൂര്‍: കളഞ്ഞുകിട്ടിയ താലിമാല തിരികെ ഏല്‍പ്പിച്ച് നന്മയുടെ നിറകുടമായി ഒരു പോലീസ് ഓഫീസര്‍. സിവില്‍ പോലീസ് ഓഫിസര്‍ ജിത്താണ് കളഞ്ഞുകിട്ടിയ താലിമാല ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് സമൂഹത്തിന് മാതൃകയായത്.
ജോലിക്കിടയിലാണ് വഴിയിലൊരു ബാഗ് വീണുകിടക്കുന്നത് ജിത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. എടുത്തു നോക്കിയപ്പോള്‍ ബാഗിനുള്ളില്‍ പുതിയൊരു താലിമാല. ഉടന്‍ തന്നെ ജിത്ത് വിവരം ട്രാഫിക് സ്റ്റേഷനില്‍ അറിയിച്ചു.
ഇതേസമയം, നവവധുവിനെ അണിയിക്കേണ്ട താലിമാല നഷ്ടപ്പെട്ട വിഷമത്തില്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു പ്രതിശ്രുത വരന് നീലീശ്വരം ചക്കുമലശേരില്‍ ജിനു. മാല സുരക്ഷിതമാണെന്നു ട്രാഫിക് പോലീസില്‍ നിന്ന് അറിയിച്ചതോടെ ജിനുവിനു ആശ്വാസമായി. ബാഗിനുള്ളില്‍ കണ്ട ജിനുവിന്റെ സഹോദരന്റെ ഫോണ്‍ നമ്പറിലേക്കു വിളിച്ചാണ് പോലീസ് ആശ്വാസ വാര്‍ത്ത അറിയിച്ചത്.
ശനിയാഴ്ച ഉച്ചയോടെ അശ്വനി ജംക്ഷനിലാണു ബാഗ് കളഞ്ഞുപോയത്. അത്താണിയില്‍ ജോലി ചെയ്യുന്ന ജിനു മലയാറ്റൂരിലെ വീട്ടിലേക്കു ബൈക്കില്‍ പോകുകയായിരുന്നു. താലിമാലയും തിരിച്ചറിയല്‍ രേഖകളുമടങ്ങുന്ന ബാഗ് ബൈക്കിന്റെ പിന്നില്‍ കെട്ടിവച്ചിരുന്നു.
പാലിയേക്കരയിലെ പെട്രോള്‍ പമ്പിലെത്തിയപ്പോഴാണു പിന്നില്‍ ബാഗ് ഇല്ലെന്നു അറിയുന്നത്. തുടര്‍ന്ന് സഞ്ചരിച്ച വഴിയിലൂടെ ബാഗ് തിരഞ്ഞുപോകുകയായിരുന്നു ജിനു. ജിത്ത് ഈ സമയം ബാഗ് ട്രാഫിക് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നീട് സ്റ്റേഷനിലെത്തി ജിത്തില്‍ നിന്നു ജിനു ബാഗ് കൈപ്പറ്റി.