വിയ്യൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വിയ്യൂര്‍ ജയില്‍ അന്തേവാസികള്‍. ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ സംഭാവന നല്‍കിയത്.
ജയിലിനകത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിഫലമായി ലഭിക്കുന്ന വേതനത്തില്‍ നിന്നുമാണ് ഇവര്‍ മിച്ചം പിടിച്ച് സ്വരൂപിച്ചത്. 100021 രൂപയാണ് അന്തേവാസികള്‍ ദുരിതാശ്വാസ നിധിയിലേക്കായി നീക്കിവച്ചത്. മന്ത്രി വിഎസ് സുനില്‍ കുമാര്‍ ജയിലിലെത്തി സര്‍ക്കാരിനു വേണ്ടി തുക അന്തേവാസികളുടെ പ്രതിനിധി സോമനില്‍ നിന്നും ഏറ്റുവാങ്ങി.
വിജയകരമായ ചപ്പാത്തിക്കും ബിരിയാണിക്കും ശേഷം ജയിലില്‍ നിന്ന് ഇപ്പോള്‍ ഹവായി ചെരുപ്പുകളും വിപണിയിലെത്തുന്നുണ്ട്. കഴിഞ്ഞ മാസമാണ് തടവുകാര്‍ നിര്‍മ്മിക്കുന്ന ഫ്രീഡം വാക്ക് ഹവായി ചെരുപ്പുകള്‍ വിപണിയില്‍ എത്തി തുടങ്ങിയത്. 80 രൂപ മാത്രമാണ് ഫ്രീഡം ചപ്പലിന്റെ വില.
ജയില്‍ ഉത്പന്നങ്ങളായ ഫ്രീഡം ഫുഡും വസ്ത്രങ്ങളും മിനിറല്‍ വാട്ടറുമെല്ലാം ഹിറ്റായിരുന്നു. മറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ ജയില്‍ച്ചെരുപ്പുകളും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വിപണിയിലെ മറ്റു ചെരുപ്പുകളേക്കാള്‍ വില നന്നേ കുറവാണെങ്കിലും ഗുണമേന്മയില് സംശയം വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഉത്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമല്ല ജയിലിലെ അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ചെരുപ്പ് നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ക്കും അസംസ്കൃതവസ്തുക്കള്‍ക്കുമായി ചിലവായത് 2 ലക്ഷം രൂപയാണ്. ദിവസം 500 ചെരുപ്പുകള്‍ വരെ നിര്‍മിക്കാം. അഞ്ച് തടവുകാര്‍ക്കാണ് ചെരുപ്പ് നിര്‍മാണത്തിന്റെ ചുമതല. മേല്‍നോട്ടത്തിന് ജയില്‍ അധികൃതരുമുണ്ടാവും.