തൃശൂര്‍: തിരക്കില്ലാത്ത സമയത്ത് ക്യുവില്‍ കാത്തുനില്‍ക്കാതെ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ വോട്ട് സമയം തീരുന്ന ആറുമണി നേരത്ത് അവസാനത്തെയാളായി വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നാണ് രാജന്റെ ആവശ്യം. മണലൂര്‍ പണ്ടാരന്‍ വീട്ടില്‍ രാജന്റെ ഈ ആവശ്യത്തിന് തക്കതായ ഒരു കാരണവും ഉണ്ട്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തപ്പോള്‍ രാജന്റെ ഇടത്തേ ചൂണ്ടുവിരലില്‍ സാധാരണപോലെ മഷി പുരട്ടി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കടുത്ത ചൊറിച്ചില്‍ തുടങ്ങി. മൂന്നു ദിവസം കൊണ്ട് വിരലിന്റെ അറ്റത്തെ തൊലി പൊളിഞ്ഞു പോയി. ചികിത്സ തേടി ഗുളിക കഴിച്ചു, പുരട്ടാനുള്ള മരുന്നും തേച്ചു.
അങ്ങനിരിക്കെ വരുന്നു 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. രാജന് നേരെ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ പോയി കണ്ടു. വോട്ടു ചെയ്യണം ചൊറിയാന്‍ വയ്യ. രാജന് വോട്ടിങ് മഷി അലര്‍ജിയാണെന്നും ചികിത്സയിലാണെന്നുമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ നല്കി. ഇതുമായി മണലൂര്‍ സെന്റ് തെരേസാസ് കോണ്‍വന്റ് സ്കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ടു ചെയ്യുകയായിരുന്നു.
പക്ഷെ ഇത്തവണ എന്തു ചെയ്യും… വിരലിലെ പാടു മാഞ്ഞതിനാല്‍ ഡോക്ടറെ കാണിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കഴിയില്ല. പഴയ ഡോക്ടര്‍ സ്ഥലം മാറി പോവുകയും ചെയ്തു. രാജന് വോട്ടു ചെയ്യണം. മഷി പുരട്ടാനും വയ്യ. ഇതുകൊണ്ടാണ് വോട്ട് സമയം തീരുന്ന ആറുമണി നേരത്ത് അവസാനത്തെയാളായി വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്നാണ് രാജന് ആവശ്യപ്പെടുന്നത്. കാരണം അപ്പോള്‍ മഷി പുരട്ടേണ്ടല്ലോ!.