തിരുവനന്തപുരം: വിനോദയാത്രയ്ക്കിടെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍ നായരുടെ മാതാപിതാക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു.
2020 ജനുവരിയിലായിരുന്നു സംഭവം. ഇതേ അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത്ത്-ഇന്ദുലക്ഷ്മി ദമ്പതികളുടെ ഏക മകന് മാധവ് രജ്ഞിത്തിന്റെ പഠനത്തിനായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. കുട്ടിക്ക് 18 വയസ്സ് തികയുന്നതു വരെ തുക ബാങ്കില്‍ നിക്ഷേപിച്ച് പലിശ പഠനത്തിന് ഉപയോഗിക്കണം.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍
സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റീ-സര്‍വെ പദ്ധതി നടപ്പാക്കും. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നാലു ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തിന് 339.438 കോടി റീ-ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കി. ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ പരിഷ്കരിക്കും.
സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി എല്‍എആര്‍ആര്‍ ആക്ട് 2013ലെ വ്യവസ്ഥകള്‍ക്കു വിധേയമായി റെയില്‍വേ ബോര്‍ഡില്‍ നിന്നു പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാനും മന്ത്രിസഭാ തീരുമാനിച്ചു.