വട്ടപ്പാറ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. തേക്കട വെട്ടുപാറ പള്ളിമുക്ക് കിണത്തത്തോല് തടത്തരികത്തുവീട്ടില്‍ സരോജ (62)യാണ് മരിച്ചത്. സംഭവത്തില്‍ പള്ളിമുക്ക് അരശുംമൂട് നിതിന്‍ ഭവനില്‍ ബൈജു (45) വിനെ വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ബൈജു സരോജത്തിന്റെ മകനും കുടുംബവും താമസിക്കുന്ന വീടിന്റെ ജനലില്‍ കല്ലെടുത്തെറിഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തതോടെ ബൈജു അസഭ്യം പറയാന്‍ തുടങ്ങി.
ഈ ബഹളം കേട്ടാണ് സമീപത്തു താമസിക്കുന്ന സരോജം എത്തിയത്. തുടര്‍ന്ന് സരോജവും ബൈജുവുമായി വാക്കേറ്റം ഉണ്ടായി. സരോജത്തിന്റെ വെട്ടുകത്തി പിടിച്ചു വാങ്ങി ബൈജു കഴുത്തിനും മുഖത്തും വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ സരോജം സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
സംഭവത്തിനു ശേഷം വെട്ടുകത്തി സമീപത്തുള്ള കാട്ടിലേക്ക് വലിച്ചെറിഞ്ഞ ബൈജു റോഡില്‍ വീണു. വിവരം അറിഞ്ഞെത്തിയ ബൈജുവിന്റെ പിതാവ് മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടെ പോലീസുമെത്തി രക്തത്തില്‍ കുളിച്ചു നിന്ന ബൈജുവിനെ പിടികൂടുകയായിരുന്നു.