തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടുകളെ വിറ്റ് പണം നല്കി സുബൈദ. വാക്സിന് ചലഞ്ചിലേക്ക് സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങായി 5000 രൂപയാണ് ഇത്തവണ സുബൈദ സംഭാവന ചെയ്തത്.
പോര്‍ട്ട് കൊല്ലം സ്വദേശിനിയായ സുബൈദ ആടിനെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും സ്വന്തം ആടിനെ വിറ്റുതന്നെയാണ് സുബൈദയുടെ സഹായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റുകിട്ടിയ 5510 രൂപയാണ് സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നത്. തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് താരമായതോടെ നിരവധി സഹായ വാഗ്ദാനങ്ങളാണ് സുബൈദയെ തേടിയെത്തിയത്. പക്ഷെ പലതും സുബൈദ സ്നേഹത്തോടെ നിരസിക്കുകയായിരുന്നു.