നെയ്യാറ്റിന്‍കര: മരിച്ചു പോയ മുത്തശ്ശിയുടെ പെന്ഷന് തുക എട്ടു വര്‍ഷക്കാലം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. വ്യാജരേഖകള്‍ ചമച്ചു പെന്ഷന് തട്ടിയെടുത്ത കേസില്‍ അരംഗമുഗള്‍ ബാബുഭവനില്‍ പ്രജിത്തിനെ (25) ആണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രജിത്തിന്റെ മാതാവും പ്രതിയാണെന്നു പോലീസ് അറിയിച്ചു. പ്രജിത്തിന്റെ മുത്തച്ഛന് അപ്പുക്കുട്ടന് കെഎസ്ഇബി ജീവനക്കാരനായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ പെന്ഷന്, അവകാശിയായ അദ്ദേഹത്തിന്റെ ഭാര്യ പൊന്നമ്മയ്ക്കു ലഭിച്ചു. എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ വശമില്ലായിരുന്ന പൊന്നമ്മ, പെന്ഷന് തുക പിന്‍വലിക്കാന്‍ കൊച്ചുമകന് പ്രജിത്തിന്റെ സഹായം തേടിയിരുന്നു.
അവിടെയാണ് തട്ടിപ്പിന്റെ തുടക്കമെന്നു പോലീസ് പറഞ്ഞു. മുത്തശ്ശി മരിച്ച ശേഷവും അക്കൗണ്ടില്‍ എത്തിയ പെന്ഷന് തുക പ്രജിത്ത് പിന്‍വലിച്ചുകൊണ്ടിരുന്നു. മരണ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയുമില്ല.
വ്യാജ രേഖകള്‍ ചമച്ച് പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണു അറിയുന്നത്. പ്രജിത്തിന്റെ മാതാവ് ഈ കേസില്‍ കോടതിയുടെ മുന്‍കൂര്‍ ജാമ്യം നേടി നില്‍ക്കുകയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.