കല്ലമ്പലം: നാട്ടുകാര്‍ക്ക് കൗതുകമായി പൂവന് കോഴിയുടേയും പെണ്ണാടിന്റേയും ചങ്ങാത്തം. നാവായിക്കുളം ഡീസന്റ്മുക്ക് കണ്ണന് നിവാസിലാണ് നാട്ടുകാരെ പോലും അമ്പരപ്പിക്കുന്ന കട്ട ചങ്ക്സിന്റെ സൗഹൃദം.
‘പൂവാലന്’ എന്ന പൂവനോട് ‘പാറു’ എന്ന പെണ്ണാടിന് പെരുത്തിഷ്ടമാണ്. കൂട്ടുപിരിയാറേയില്ല ഇരുവരും.ഭ ക്ഷണം കഴിക്കുന്നതും കിടക്കുന്നതും പോലും ഒരുമിച്ചാണ്. പാറുവിന്റെ പുറത്താണ് എപ്പോഴും പൂവാലന്റെ സഞ്ചാരം. ആദ്യമൊക്കെ രണ്ടു പേരും സ്വന്തം കൂട്ടിലായിരുന്നു ഉറങ്ങിയിരുന്നതെങ്കിലും പിന്നീട് പാറുവിന്റെ കൂട് പൂവാലനും പങ്കിട്ടു തുടങ്ങി.
പുലരുമ്പോള്‍ ഉച്ചത്തില്‍ കൂവി പൂവാലന് തന്റെ പതിവു ഡ്യൂട്ടി തുടങ്ങുന്നതു തന്നെ പാറുവിന്റെ പുറത്ത് കയറിയിരുന്നതിനു ശേഷമാണ്. പാറുവിന്റെ തീറ്റയില്‍ നിന്നു തന്നെ പൂവാലനും പങ്കിടും. രണ്ടുപേരെയും വാങ്ങാന്‍ ആള്ക്കാരെത്തുന്നുണ്ടെങ്കിലും ‘ഇണക്കുരുവി’കളെ തമ്മില്‍ അകറ്റാന്‍ തയ്യാറല്ല വീട്ടുകാര്‍.