തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി അവസാനിപ്പിച്ചു. ഇനിമുതല്‍ ശനിയാഴ്ച ദിവസങ്ങള്‍ മുന്‍പത്തെ പോലെ പ്രവര്‍ത്തി ദിനമായിരിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ജനുവരി പതിനാറാം തിയ്യതി ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പഴയത് പോലെ രണ്ടാം ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കേരളത്തില്‍ കൊവിഡ് ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മാസങ്ങളിലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 50 ശതമാനം ജീവനക്കാരോട് ഹാജരാകാന്‍ ആദ്യം നിര്‍ദേശം നല്‍കിയെങ്കിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ പ്രവര്‍ത്തി ദിവസം അഞ്ചാക്കി ചുരുക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
അതേസമയം, കേരളത്തില്‍ കൊവിഡ് വാക്സിന് എത്തി. Go Air G8 347 എന്ന വിമാനത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യ ബാച്ച് വാക്സിന് എത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഈ വാക്സിനുകള്‍ സൂക്ഷിക്കും. ഇതിനായി പ്രത്യേകം ശീതീകരിച്ച മുറികളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.