കുഴിത്തുറ: റെയില്‍വേ വില്‍ക്കുന്ന കുടിവെള്ളമായ ‘റെയില്‍ നീരിനു’ വെള്ളമെടുക്കുന്നത് താമ്രവര്‍ണി ആറ്റില്‍നിന്ന്. ഞാറാംവിളയില് ആറ്റില്‍നിന്നു വന്‍ തോതില്‍ വെള്ളമെടുക്കുന്നത് തടഞ്ഞ നാട്ടുകാരെയും പോലീസിനെയും വെട്ടിച്ച് ഡ്രൈവര്‍ വാഹനവുമായി കടന്നു.
മാര്‍ത്താണ്ഡത്തിനടുത്ത് ഞാറാംവിള കടന്താന്കോടില് ആറിനോടുചേര്ന്ന തോട്ടത്തില്‍ മോട്ടോര്‍ സ്ഥാപിച്ച് ആറ്റില്‍നിന്ന് നേരിട്ടെടുക്കുന്ന വെള്ളം ടാങ്കര്‍ ലോറികളില്‍ പാറശ്ശാലയിലെ പ്ലാന്റില്‍ എത്തിച്ചാണ് റെയില്‍ നീരാക്കുന്നത്. ദിവസവും ലോറികളില്‍ വന്‍ തോതില്‍ ആറ്റിലെ വെള്ളം കൊണ്ടുപോകുന്നത് തടയാന്‍ നാട്ടുകാര്‍ എത്തിയപ്പോഴാണ് റെയില്‍ നീരാക്കാനാണ് വെള്ളമെടുക്കുന്നതെന്ന് മനസ്സിലായത്.
വ്യാഴാഴ്ച ആറ്റില്‍നിന്നു വെള്ളമെടുക്കുന്നത് തടയാനെത്തിയവരാണ് ‘ഓണ്‍ റെയില്‍വേ ഐആര്‍സിടിസി ഡ്യൂട്ടി’ എന്ന് ലോറിയുടെ മുന്നില്‍ എഴുതിയത് കണ്ടത്. നാട്ടുകാര്‍ കൂടിയപ്പോള്‍ ഡ്രൈവര്‍ വാഹനവുമായി കടന്നു. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ വിവരമറിയിച്ച് പോലീസ് വാഹനം തടഞ്ഞെങ്കിലും ആവശ്യപ്പെട്ട രേഖകള്‍ വാഹനത്തില്‍നിന്ന് എടുക്കാനെന്ന വ്യാജേന ലോറിയില്‍ കയറിയ ഡ്രൈവര്‍ ഇവിടെനിന്നു വാഹനവുമായി കടന്നു.
അധികൃതരുടെയും പോലീസിന്റെയും ഒത്താശയോടെയാണു ദിവസവും പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം കടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.