തിരുവനന്തപുരം: മാര്‍ക്കറ്റില്‍ ലഭിക്കുന്ന മീനിന്റെ വില ഓണ്‍ലൈനില്‍ അറിയാന്‍ സംവിധാനം വരുന്നു. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) ഇതിനായുളള സംവിധാനത്തിന് രൂപം നല്‍കുന്നത്. മത്സ്യമാര്ക്കറ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അതാത് മാര്‍ക്കെറ്റുകളിലെ തത്സമയ മീന്‍ വില വാണിജ്യ പ്രാധാന്യമുളള മത്സ്യങ്ങളുടെ ഇ-ലേലം തുടങ്ങിയവയ്ക്ക് ഒരു അവസരമൊരുക്കുകയാണ് സിഎംഎഫ്ആര്‍ഐ ഒരുക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആര്‍ഐ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാര്‍ക്കറ്റുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. 150 ഓളം മത്സ്യങ്ങളുടെ ശരാശരി വിവരങ്ങള്‍ ശേഖരിക്കും. ഇവ എന്‍എഫ്ഡിബി (നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡ്), സിഎംഎഫ്ആര്‍ഐ തുടങ്ങിയവയുടെ വെബ്സൈറ്റ് വഴി ലഭ്യമാക്കും.
കേരളത്തിലെ 50 മാര്‍ക്കറ്റുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. പുതിയതായി തയ്യാറാക്കുന്ന ഡേറ്റാബേസില്‍ വിപണികളുടെ സ്ഥിതിവിവര കണക്കുകള്‍, വിപണന സമയം, ഗതാഗത സൗകര്യം. മീന്‍ വരവ്, വിപണനം നടത്തുന്ന മത്സ്യ ഇനങ്ങള്‍, ആവശ്യക്കാര്‍ ഏറെയുളള മത്സ്യം, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും. ഒക്ടോബര്‍ മുതല്‍ നിലവില്‍ വരുന്ന സംവിധാനത്തിനായി പിന്നീട് പ്രത്യേക വെബ്സൈറ്റ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.