തിരുവനന്തപുരം: തലസ്ഥാനത്ത് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത സംഘം പിടിയില്‍. സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തിലാണ് തൃശ്ശൂര്‍ സംഘത്തെ പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശികളായ കടങ്ങോട്, കടങ്ങോട് വീട്ടില്‍ അനില്‍കുമാര്‍ (42), ഒല്ലൂക്കര മണ്ണൂത്തി മംഗലശ്ശേരി വീട്ടില്‍ റിയാസ് (36), വെള്ളിയാലിക്കല്‍ കണിമംഗലം തോട്ടുങ്കല്‍ വീട്ടില്‍ നവീന്‍ (29), ആലപ്പറ കണ്ണറ പയ്യംകൂട്ടില്‍ സതീഷ് (40), പേരാമംഗലം ആലം പാണ്ടിയത്ത് വീട്ടില്‍ മനു എന്ന സനോജ് (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 4.20ന് ശ്രീവരാഹത്തിന് സമീപം ജ്വല്ലറി ഉടമയും സ്വര്‍ണ്ണ വ്യാപാരിയുമായ ബിജുവിനെ ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുത്തത്. ബിജുവിന്റെ ജീവനക്കാരനായ അനില്‍ നല്കിയ വിവരമനുസരിച്ചാണ് ആക്രമി സംഘം സ്വര്‍ണ്ണം തട്ടാന്‍ പദ്ധതിയിട്ടത്. ഇയാള്‍ നല്കിയ വിവരമനുസരിച്ച് തമ്പാനൂര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബിജു കാര്‍ എടുക്കാന്‍ വരുമ്പോള്‍ ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.
എന്നാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെ തിരക്ക് മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് തമ്പാനൂരില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ ബിജുവിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി ബിജുവിന് നേര്‍ക്ക് ആക്രമി സംഘം മുളകുപൊടി വിതറി അക്രമണം നടത്തിയത്.
തൃശ്ശൂരില്‍ നിന്നും കച്ചവടത്തിനായി ബിജു കൊണ്ടു വന്ന സ്വര്‍ണ്ണമാണ് സംഘം കവര്‍ന്നത്. പ്രത്യേക ഷാഡോ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. അതേസമയം അക്രമി സംഘം ഉപയോഗിച്ച കാര്‍ പിടിയിലാകുമെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് നിംസ് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു.