കോന്നി: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട സ്ത്രീയേയും 2 കുട്ടികളേയും, സ്വന്തം ജീവന് പണയംവെച്ച് ആറ്റിലിറങ്ങി രക്ഷപ്പെടുത്തി വീട്ടമ്മ. ഐരവണ്‍ മംഗലത്ത് രാജന്‍പിള്ളയുടെ ഭാര്യ 59കാരി ശാന്തകുമാരിയാണ് ബന്ധുവായ വീട്ടമ്മയുടെയും രണ്ടുകുട്ടികളുടെയും രക്ഷകയായത്.
ഐരവണ്‍ പറമ്പനാട്ട് കടവില്‍ ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം. പെരുന്തോട്ടത്തില്‍ ശ്രീജയും (39) 12,13 വയസ്സുള്ള കുട്ടികളെയുമാണ് ശാന്തകുമാരി രക്ഷപ്പെടുത്തിയത്.
കടവില്‍ കുളിക്കുമ്പോഴാണ് ഒരു കുട്ടി ഒഴുക്കില്‍പെട്ടത്. ഇതു കണ്ടയുടന്‍ കുട്ടിയെ രക്ഷപ്പെടുത്താനായി ശാന്തകുമാരി ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടിയെ കരയ്ക്കു വലിച്ചു കയറ്റുന്നതിനിടെ രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടു.
ഈ കുട്ടിയെ രക്ഷിക്കാനാണ് ശ്രീജ ആറ്റില്‍ ഇറങ്ങിയത്. പക്ഷെ ശ്രീജയും ഒഴുക്കില്‍പെട്ടു. ഉടന്‍തന്നെ ആറ്റിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നെന്ന് തൊഴിലുറപ്പ് തൊഴിലാളി കൂടിയായ ശാന്തകുമാരി പറഞ്ഞു.