പത്തനംതിട്ട: ദിവസങ്ങളോളം കാത്തിരിക്കേണ്ട, അപേക്ഷിച്ച് ഒരു മിനിറ്റിനകം ജനന,മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് മാതൃകയായി പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ പഞ്ചായത്ത്.
എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഓണ്ലൈനാകുന്നതിനും മുന്‍പുതന്നെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കി വിജയിച്ചവരാണ് ഇരവിപേരൂര്‍ പഞ്ചായത്ത് അധികൃതര്‍. 2019മുതല്‍ ഇവിടെ എല്ലാ സേവനവും ഓണ്‍ലൈനാണ്. എന്നാല്‍ കൊവിഡ് കാലത്താണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിതെന്ന് അധികൃതര്‍ പറയുന്നു.
സേവനങ്ങളുടെയും പരാതികളുടെയും അപേക്ഷകളുടെയുമൊക്കെ സ്ഥിതി സംബന്ധിച്ച എസ്എംഎസുകള്‍ നല്‍കിയാണ് ആരംഭം. അപേക്ഷിച്ച് ഒരു മിനിറ്റിനകം ജനന,മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഇത്.
2018-19കാലത്ത് ഐഎസ്ഒ അംഗീകാരത്തിനായി പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണു പുതിയ സംവിധാനങ്ങളും സേവന രീതിയും വേണമെന്നതു പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയുമെല്ലാം പൊതു ലക്ഷ്യമായി മാറിയത്. അതോടെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയത്നം തുടങ്ങി.
പഞ്ചായത്ത് ഓഫിസിലെ അപേക്ഷകളുടെയും മറ്റും സ്ഥിതി അറിയാന്‍ ഇ കിയോസ്കും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ അപേക്ഷാ നമ്പര്‍ നല്കിയാല് വിശദ വിവരങ്ങള്‍ അറിയാം. സര്‍ട്ടിഫിക്കറ്റുകളുടെ ലഭ്യത, പരാതിയുടെ സ്ഥിതി തുടങ്ങിയവയെല്ലാം ലഭ്യമാണ്.
2018-19 വര്‍ഷമാണു പി2പി (പഞ്ചായത്ത് ടു പീപ്പിള്‍) സംവിധാനം നടപ്പാക്കുന്നത്. 10ലക്ഷം രൂപയാണു പഞ്ചായത്ത് ബജറ്റില്‍ ഇതിനായി വകയിരുത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അത്ര വ്യാപകമല്ലാത്ത കാലത്ത് ഇതിനായി രംഗത്തിറങ്ങിയത് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍ രാജീവ് ആയിരുന്നു. തുടര്‍ന്നുള്ള ഭരണസമിതിയും ഇതിനു പിന്തുണ നല്കി.
കുറഞ്ഞ നിരക്ക് ഫീസായി ഈടാക്കി പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളില്‍ പി2പി സെന്ററുകള്‍ തുടങ്ങിയാണ് ഇതുനടപ്പാക്കിയത്. അക്ഷയ കേന്ദ്രങ്ങള്‍ക്കു സമാനമായി ആയിരുന്നു പ്രവര്‍ത്തനം. 9 കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയത്.
നിലവില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ ഐഎല്ജിഎംഎസിലെ സേവനങ്ങള്‍ക്കു പുറമെ ബിപിഎല്‍ അടക്കമുള്ള വിവിധ സാക്ഷ്യപത്രങ്ങളും ആര്‍ടിഐ ചോദ്യങ്ങളും പരാതികളും ഉടമസ്ഥാവകാശ, കൈവശസര്ട്ടിഫിക്കറ്റുകളുമടക്കം 21 സേവനങ്ങള്‍ ഓണ്‍ലൈനാണ്. ജീവനക്കാര്‍ക്ക് മൊബൈല്‍ഫോണിലോ ടാബിലോ അടക്കം ഇവ പരിശോധിക്കാനും സൗകര്യമുണ്ട്.
നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ കേരള വൈഫൈ വരുന്നതിനും മുന്‍പ് സ്വന്തം ചെലവില്‍ 5 കേങ്ങ്രളിലാണു പഞ്ചായത്ത് പൊതുജനത്തിനായി വൈഫൈ സൗകര്യമൊരുക്കിയത്. ബിഎസ്എന്‍എലുമായി സഹകരിച്ചായിരുന്നു ഇത്. പഞ്ചായത്ത് ഓഫിസിനു പുറമെ വള്ളംകുളം ഗ്രാമവിജ്ഞാനകേന്ദ്രം, കോഴിമല പഞ്ചായത്ത് ഓഫിസ്, നന്നൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറി, ഓതറ പിഎച്ച്സി എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കിയത്.
1959 മുതലുള്ള രേഖകളെല്ലാം ഇവിടെ വിവിധ ഫയലുകളിലായി ക്രോഡീകരിച്ചിട്ടുണ്ട്. ഫയല്‍ നമ്പരോ വിവരങ്ങളോ ഉണ്ടെങ്കില്‍ 5 മിനിറ്റിനകം ഫയല്‍ തെരഞ്ഞെടുക്കാം. നിശ്ചിത കാലയളവിനു ശേഷം ഒഴിവാക്കേണ്ടുന്ന ഫയലുകളൊഴികെ ബാക്കിയെല്ലാ രേഖകളും ഇവിടെ സുരക്ഷിതമാണ്. സ്ഥലവും സമയവും ലാഭം. പ്രവര്‍ത്തനങ്ങളിലും ഫയലുകള്ക്കായാലും കടലാസ് ഉപയോഗം ഇവിടെ പരമാവധി കുറവാണ്.