പന്തളം: പിറന്നാള്‍ ആഘോഷിക്കാന്‍ കരുതിവച്ചിരുന്ന തുക അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് മരുന്നിനും ഭക്ഷണത്തിനുമായി നല്കി നന്മയുടെ നിറകുടമായി എണ്പത്തിനാലുകാരന്. തട്ട പുത്തന്‍വീട്ടില്‍ സികെ ദാനിയേല്‍ ആണ് വര്‍ഷങ്ങളായി കരുതി വച്ചിരുന്ന തുക മഹാത്മാ ജനസേവന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി നല്‍കിയത്.
പട്ടാള മേഖലയില്‍ 33 വര്‍ഷം സേവനം ചെയ്ത് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന ദാനിയേല്‍, 27 വര്‍ഷമായി കിട്ടുന്ന പെന്ഷന് തുകയില്‍ നിന്ന് ചെലവ് കഴിച്ച് മാറ്റിവച്ചിരുന്ന 103400 രൂപയാണ് അഗതി മന്ദിരത്തിന് കൈമാറിയത്. പിറന്നാള്‍ ദിനത്തില്‍ അതിഥികളായി മഹാത്മാ ജനസേവന കേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ എന്നിവരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തുക നല്‍കിയത്.
പിതാവിന്റെ പിറന്നാള്‍ ആഘോഷത്തിനായി പട്ടാള മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന മകന് റെജി ദാനിയേല്‍, ഭാര്യ സുജാ റെജി, മക്കള്‍ സൈനോ എലിസബത്ത് റെജി, ഷാരോണ്‍ ബീനാ റെജി, സെഫിന് ദാനിയേല്‍ റെജി എന്നിവര്‍ നാട്ടിലെത്തിയിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് ആഘോഷം നടത്താനിരിക്കെയാണ് സികെ ദാനിയേലും ഭാര്യ ഏലിയാമ്മയും ചേര്‍ന്ന് തീരുമാനം മാറ്റിയത്.
കോവിഡ് ദുരിതകാലത്ത് ഒട്ടേറെ പേര്‍ക്ക് തുണയാവുകയും ലോക്ഡൗണില്‍ കുടുങ്ങി പോയവര്‍ക്ക് ഭക്ഷണം ഒരുക്കി നല്കാന് സന്നദ്ധത കാണിച്ച മഹാത്മാ പ്രവര്‍ത്തകരുടെ നല്ല മനസ്സില്‍ ആകൃഷ്ടനായി ആണ് ഇവിടെ തന്നെ തുക കൈമാറാന്‍ കാരണമായതെന്ന് സികെ ദാനിയേല്‍ പറഞ്ഞു.