തിരുവല്ല: ഭര്‍ത്താവ് ഓടിച്ച ഓട്ടോ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ വീട്ടമ്മയും ചെറുമകനും മരിച്ചു. കോട്ടയം മാന്നാനം ചിറ്റേടത്തുപറമ്പില്‍ സികെ രമേശന്റെ ഭാര്യ പൊന്നമ്മ (55), ചെറുമകന് കൃതാര്‍ഥ് (7) എന്നിവരാണ് മരിച്ചത്.
തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ മഞ്ഞാടിയില്‍ ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. രമേശന് (62), ഭാര്യ പൊന്നമ്മ, മക്കളായ ശ്രീക്കുട്ടി (35), ശ്രുതി (30), ശ്രീക്കുട്ടിയുടെ മക്കളായ കീര്‍ത്തന (16), കൃതാര്‍ഥ്, ശ്രുതിയുടെ മകള്‍ അശ്വ (2) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
വള്ളംകുളത്തു താമസിക്കുന്ന രമേശന്റെ മകള്‍ സിതാരയെ സന്ദര്‍ശിച്ച് തിരിച്ചുവരുന്ന വഴിയാണ് അപകടം. എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ ഇടത്തേക്ക് വെട്ടിച്ച ഓട്ടോ തിരികെ റോഡിലേക്കു കയറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് അതേ കാറിലിടിക്കുകയായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊന്നമ്മയെയും ചെറുമകന് കൃതാര്ഥിനെയും രക്ഷിക്കാനായില്ല. രണ്ടു വയസുകാരിയായ അശ്വ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
രമേശന്റെ മൊഴി പ്രകാരം കാര്‍ ഓടിച്ച തിരുവല്ല സ്വദേശി രഞ്ജിത്തിനെതിരെ കേസ് എടുത്തെന്ന് പോലീസ് അറിയിച്ചു. അതേസമയം, കൊവിഡ് നിയന്ത്രണമുള്ളപ്പോള്‍ കുട്ടികളുമായി ഇവര്‍ യാത്ര ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
മരിച്ച പൊന്നമ്മയുടെ മക്കള്‍: ശ്രുതി, സിതാര, ശ്രീക്കുട്ടി. മരുമക്കള്‍: കണ്ണൂര്‍ അഴീക്കോട് പട്ടുവക്കാരന്‍ വിശാഖ്, കാണക്കാരി തടത്തില്‍പറമ്പില്‍ ജെ. റോബന് (കലാക്ഷേത്ര റോബന്), വള്ളംകുളം ആലുങ്കല്‍ എകെ ദിലീപ്. സംസ്കാരം പിന്നീട്. മാന്നാനം സ്വദേശികളായ കുടുംബം കോട്ടയം ഗാന്ധിനഗര്‍ ചെമ്മനംപടിക്കു സമീപം വാടകയ്ക്ക് താമസിക്കുകയാണ്.