കോന്നി: കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ കരുതലില്‍ നാലാം ക്ലാസ്സുകാരന് ആനന്ദിന് പുതിയ വീടൊരുങ്ങും. പാറക്കൂട്ടത്തില്‍ ടി ഉദയന്റെയും ശ്യാമളയുടെയും മകന് കൂടല്‍ ജംക്ഷന് ഗവ. എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥി ആനന്ദിനാണ് കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ കരുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഭവനം ഒരുങ്ങുന്നത്.
അടച്ചുറപ്പുള്ള വീടില്ല, വൈദ്യുതിയില്ല, ടിവിയില്ല, പഠനത്തിന് സ്മാര്‍ട് ഫോണില്ല… തുടങ്ങി ആനന്ദിന്റെ ദുരിതം നിറഞ്ഞ വാര്‍ത്ത ശ്രദ്ധയില്‍പെട്ട് എംഎല്‍എ ഇന്നലെ രാവിലെ ആനന്ദിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇവയ്ക്കെല്ലാം പരിഹാരം കാണാമെന്ന ഉറപ്പില്‍ എംഎല്‍എ മടങ്ങിയത്.
വീട് നിര്‍മിച്ചു നല്‍കാമെന്ന് എംഎല്‍എയുടെ കൂടെയെത്തിയ കുളത്തുങ്കല്‍ വഞ്ചിപ്പാറ ഇപി ഫിലിപ്പോസ് ഉറപ്പ് നല്കി. മുറിഞ്ഞകല്‍ സ്വദേശിയും എംഎല്‍എയുടെ സുഹൃത്തുമായ പുരോഹിതന് ആനന്ദിന് മൊബൈല്‍ ഫോണ്‍ നല്‍കും.
വീട് നിര്‍മിക്കാനായി ആനന്ദിന്റെ അച്ഛന്റെ പേരില്‍ അമ്മ എഴുതി നല്‍കാമെന്നു പറഞ്ഞ 5 സെന്റിന്റെ റജിസ്ട്രേഷന് നടപടിക്കും എംഎല്‍എ ഇടപെട്ടു. എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്ന കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടിവി പുഷ്പവല്ലി പഞ്ചായത്തുമായി ബന്ധപ്പെട്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
എംഎല്‍എയുടെ സന്ദര്‍ശനത്തോടെ ആനന്ദിന്റെ വീടെന്ന സ്വപ്നവും പഠനത്തിന് സ്മാര്‍ട് ഫോണും വൈദ്യുതിയും അടക്കം എല്ലാ പ്രശ്നത്തിനും പരിഹാരമാവുകയാണ്. വീട് പൂര്‍ത്തിയാകുന്നതോടെ ആനന്ദിന്റെ സഹോദരി ഏഴാം ക്ലാസുകാരിക്കും വീട്ടിലേക്കു മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷ.
കരുതല്‍ പദ്ധതിയില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ വീടാകും ഇതെന്നും ഒന്നിന്റെ വാര്‍പ്പ് കഴിഞ്ഞതായും മറ്റൊന്നിന്റെ പണികള്‍ പുരോഗമിക്കുന്നതായും കെയു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.