കലഞ്ഞൂര്‍: വ്യക്തിത്വങ്ങളും വീട്ടുപകരണങ്ങളും കിറുകൃത്യമായി അറിയാം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ ഒന്നരവയസ്സുകാരന് സൂര്യമാധവാണ് ഇപ്പോള്‍ നാട്ടിലെ താരം.
കലഞ്ഞൂര്‍ സമൂഹത്ത് മഠത്തില്‍ ജി സതീഷ്കുമാറിന്റെയും എഎസ് നീതുവിന്റെയും മകനായ സൂര്യമാധവിന് പ്രധാന വ്യക്തിത്വങ്ങളും വീട്ടുപകരണങ്ങളും വാഹനങ്ങളും എല്ലാം വ്യക്തമായി അറിയാം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരം നേടുന്നതിനായി 20 ഇനങ്ങളിലായിട്ടാണ് ചോദ്യപരീക്ഷണങ്ങള് ഓണ്‍ലൈനായി നടന്നത്. അതില്‍ എല്ലാം തിരിച്ചറിഞ്ഞ് പേരുകളും വ്യക്തമാക്കിയാണ് ഈ കുഞ്ഞു മിടുക്കന് മുന്നേറിയത്.
ബംഗളൂരുവില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് സതീഷ്കുമാര്‍. നീതു ഐബിഎം കമ്പനിയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറുമാണ്. വീട്ടില്‍ സൂര്യമാധവ് തന്റെ കണ്മുമ്പില് കാണുന്ന ഓരോ സാധനങ്ങളുടെയും പേരുകള്‍ പറയുന്നതും ടെലിവിഷനില്‍ കാണുന്ന പ്രമുഖരുടെ മുഖങ്ങള്‍ ഓര്‍ത്ത് പറയുന്നതുമാണ് ഈ മത്സരത്തിലേക്ക് എത്തിക്കാന്‍ കാരണമെന്ന് അച്ഛനും അമ്മയും പറയുന്നു.
നീതുവിന്റെ അമ്മയായ അംബികയാണ് ഒരോ സാധനങ്ങളുടെയും പേരുകള്‍ പറഞ്ഞ് കുഞ്ഞിനെ ഇത്തരം ഒരു കഴിവിലേക്ക് വളര്‍ത്തിയത്. മത്സരത്തില്‍ 23 വീട്ടുപകരണങ്ങള്‍, അഞ്ച് പ്രമുഖ വ്യക്തിത്വങ്ങള്‍, ഏഴ് വാഹനങ്ങള്‍, എട്ട് ശരീരാവയവങ്ങള്‍, ഇന്ത്യയിലെ സീസണുകള്‍, അഞ്ച് കൊവിഡ് നിയന്ത്രണ മാര്‍ഗങ്ങള്‍ തുടങ്ങി ഇരുപത് ഇനങ്ങളാണ് സൂര്യമാധവ് വ്യക്തമാക്കിക്കൊടുത്തത്. മത്സരത്തില്‍ 20-ല്‍ 15 ഇനങ്ങളില്‍ ആസാമാന്യ പ്രകടനമാണ് സൂര്യമാധവ് നടത്തിയതെന്നും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അറിയിച്ചു.