പത്തനംതിട്ട: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കി അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു രേഷ്മ.
അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്. ഈ സന്തോഷത്തിനു പുറമേയാണ് ‘പഞ്ചായത്ത് പ്രസിഡന്റ്’ എന്ന ഭരണച്ചുമതലകൂടി രേഷ്മയെ തേടിയെത്തിയിരിക്കുന്നത്. രേഷ്മ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ഈ 21കാരി അറിയപ്പെടും.
രേഷ്മ കോന്നി വിഎസ്എന്‍ കോളേജില്‍ നിന്നും ബിബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ പഠനത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചത്. നിലവില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ 21 വയസാകുന്ന ദിവസം വരെ രേഷ്മയ്ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു. നവംബര്‍ 18-നാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്. തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പ്രളയ, കൊവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി രേഷ്മ നാട്ടില്‍ സജീവമായിരുന്നു.
അതേസമയം, കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരുപത്തിരണ്ടുകാരിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി തന്നെയാണ് പ്രസിഡന്റ് സ്ഥാനം നയിക്കാനൊരുങ്ങുന്നത്.
ഒന്നാം വാര്‍ഡില്‍ നിന്നു വിജയിച്ച എല്‍ഡിഎഫിലെ പി ശാരുതിയെ പ്രസിഡന്റാക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചു. ഒന്നാം വാര്‍ഡില്‍ 574 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശാരുതി വിജയിച്ചത്. ഭവന്‍സ് ലോ കോളേജില്‍ എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ ശാരുതി ഡിവൈഎഫ്ഐയുടെ സൗത്ത് ബോക്ക് കമ്മിറ്റി അംഗമാണ്. പറശേരി മനോഹരന്റെയും റജീനയുടെയും മകളാണ്.