കഞ്ചിക്കോട്: കവര്‍ച്ച നടത്തിയ ശേഷം അതേ ക്ഷേത്രത്തില്‍ രാവിലെ പ്രാര്‍ഥനയ്ക്കെത്തിയ കള്ളന് പോലീസ് പിടിയില്‍. മരുതറോഡ് മന്നപ്പള്ളം സ്വദേശി സുഭാഷിനെയാണ് (27) കസബ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടിയത്.
ദേശീയപാതയോരത്തുള്ള പുതുശ്ശേരി സൂര്യ ചിറ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണു മോഷണം നടന്നത്. ചുറ്റുമതില്‍ ചാടിക്കടന്നു ക്ഷേത്രത്തിനകത്തു കയറി ഭണ്ഡാരത്തില് നിന്നു പണവും പരിസരത്തു നിന്ന് തേങ്ങയും വസ്തുക്കളും മോഷ്ടിച്ച ശേഷം അടുത്ത ദിവസം രാവിലെ അതേ ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കെത്തിയ മോഷ്ടാവ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.
മോഷണ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. എന്നാല്‍ ഇതറിയാതെ സുഭാഷ് രാവിലെ പ്രാര്‍ഥനയ്ക്കെത്തി. ഒപ്പം വഴിപാടുകളും നടത്തി മടങ്ങി. ഇതിനിടെ ക്ഷേത്രത്തിലെ ജീവനക്കാര്‍ സുഭാഷിനെ തിരിച്ചറിഞ്ഞു പോലീസിനു വിവരം നല്കി.
തുടര്‍ന്നു സിഐ എന്‍എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ പാറ- പൊള്ളാച്ചി റോഡില്‍ ഇരട്ടയാല്‍ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തു. മുന്‍പ് മറ്റു കേസുകളിലൊന്നും ഇയാള്‍ പ്രതിയായിട്ടില്ലെന്നും ഭണ്ഡാരത്തില് നിന്നു ചെറിയ തുക മാത്രമാണു മോഷണം പോയതെന്നും പോലീസ് അറിയിച്ചു.