ശ്രീകൃഷ്ണപുരം: കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 45 വയസ്സുകാരനെ രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്നു രക്ഷിച്ചു. പുഞ്ചപ്പാടം കോടര്‍മണ്ണ വിഷ്ണു ക്ഷേത്ര കുളത്തില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
പുഞ്ചപ്പാടം താന്നിക്കപറമ്പില്‍ ബാലകൃഷ്ണന്റെയും നിര്‍മലയുടെയും മകന് വൈഷ്ണവ്, ഷാരത്ത്കുന്ന് ബാലസുബ്രഹ്മണ്യന്റെയും ശാന്തകുമാരിയുടെയും മകന് കിരണ്‍ എന്നിവരാണ് ചെര്‍പ്പുളശ്ശേരി സ്വദേശിയെ രക്ഷിച്ചത്. വൈഷ്ണവ് ചെര്‍പ്പുളശ്ശേരി എംഇഎസ് കോളജിലും കിരണ്‍ വെള്ളിനേഴി ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് പഠിക്കുന്നത്.
അപകടത്തില്‍പെട്ട ആള് ഉള്‍പ്പെടെ എട്ടു പേരടങ്ങിയ സംഘമാണ് കുളത്തില്‍ എത്തിയത്. മറ്റുള്ളവരെല്ലാം കുളത്തില്‍ ഇറങ്ങി നില്‍ക്കവെ ഇദ്ദേഹം നീന്തി കുളത്തിന്റെ മധ്യഭാഗത്തെത്തി. വൈഷ്ണവും കിരണും നീന്തി വന്ന് കുളത്തിന്റെ മറുകരയില്‍ വിശ്രമിക്കുകയായിരുന്നു.
നീന്തുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് കരയ്ക്കെത്താന്‍ കഴിയാത്തതില്‍ സംശയം തോന്നി ഇരുവരും അരികിലേക്കെത്തി. ഈ സമയം കൈകാലുകള്‍ തളര്‍ന്ന് കുളത്തിലേക്ക് താഴ്ന്നു പോകുന്ന അവസ്ഥയിലായിരുന്നു. ഉടന്‍തന്നെ വിദ്യാര്‍ത്ഥികള്‍ രക്ഷിച്ച് കരയ്ക്കെത്തിച്ചു.