മണ്ണാര്‍ക്കാട്: സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും നല്കി വിദ്യാര്‍ത്ഥികള്‍ നാടിന് മാതൃകയായി. ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി അനുവദിച്ച സീനിയര്‍ ഡിവിഷന് എന്‍സിസി വിദ്യാര്‍ത്ഥികളാണ് നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ നഗരസഭ അധ്യക്ഷന്‍ സി മുഹമ്മദ് ബഷീറിന് കൈമാറിയത്.
കെഡറ്റുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമായി 10 ദിവസം കൊണ്ട് 47200 രൂപ സമാഹരിച്ചാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് മണ്ണാര്‍ക്കാട് തഹസില്‍ദാറിന് സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം നല്‍കും. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റും സ്ക്കൂള് വിതരണം ചെയ്യുന്നുണ്ട്.
ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഖാസിം അധ്യക്ഷത വഹിച്ചു. എന്‍സിസി ഓഫിസര്‍ പി ഹംസ, നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ് ഇബ്രാഹിം, അരുണ്‍കുമാര്‍ പാലക്കുര്‍ശ്ശി, അധ്യാപക പ്രതിനിധികളായ കെപി അബ്ദുല്‍ സലീം, സലീം നാലകത്ത്, എന്‍സിസി കെഡറ്റുകളായ ആഷിന് ഷിബു, കെ വിഷ്ണു പ്രകാശ്, അക്ഷയ് പ്രവീണ്‍ പാട്ടില്‍, കെ അശ്വിന്, പി ഐശ്വര്യ ദാസ്, വിപി ഐശ്വര്യ, എംഎസ് അമൃത, പിവി വൃന്ദ, കെഡറ്റ് ആഷിന് ഷിബു എന്നിവര്‍ പങ്കെടുത്തു.