പാലക്കാട്: തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിന് തോല്‍വി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന ബല്‍റാം അവസാന റൗണ്ടുകളിലാണ് പിന്നില്‍ പോയത്. വോട്ടെണ്ണലിന്റെ അവസാനം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷ് ലീഡ് പിടിച്ചെടുക്കുകയായിരുന്നു.
തോല്‍വി ഉറപ്പായതിന് പിന്നാലെ ജനവിധി അംഗീകരിച്ച് വിടി ബല്‍റാം ഫേസ്ബുക്കില്‍ രംഗത്തെത്തി. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം, തൃത്താലയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയം നേടിയ എംബി രാജേഷിനെ അഭിനന്ദിച്ച് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് പിവി അന്‍വര്‍ രാജേഷിന് അഭിനന്ദനം അറിയിച്ചത്.
‘എന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയം, പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എംബിആറിന് ആശംസകള്‍’ എന്നായിരുന്നു പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തൃത്താലയില്‍ 2571 വോട്ടിനാണ് എംബി രാജേഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാമിനെ പരാജയപ്പെടുത്തിയത്. നിലമ്പൂരില്‍ പിവി അന്‍വര്‍ 3098 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.